
തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാർച്ചിനിടെ അറസ്റ്റിലായ പ്രതിപക്ഷ യുവജന സംഘടന പ്രവർത്തകർക്ക് ജാമ്യം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ഇവർക്കെതിരായ പൊലിസ് റിപ്പോർട്ട്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും പാസ്പോർട്ട് ഉള്ളവർ മൂന്നു ദിവസത്തിനുള്ളിൽ കോടതിയിൽ പാസ്പോർട്ട് ഹാജരാക്കണമെന്നും ഉപാധിയിൽ പറയുന്നു.
പ്രവർത്തകരുമായി ഒരുമിച്ച് ചിലവഴിക്കാൻ സമയം തന്നതിന് പിണറായി വിജയന് നന്ദിയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. പ്രതിപക്ഷ യുവജന സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലായി. പ്രതിപക്ഷ യുവജന സംഘടനയിലെ നേതാക്കൾക്ക് തിരുവനന്തപുരത്ത് പ്രവേശനം നൽകരുത് എന്നായിരുന്നു സർക്കാരിൻറെ വാദം. യാതൊരുവിധ അക്രമവും നടത്താത്ത സമരത്തിന് നേരെ സർക്കാർ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും അതിശക്തമായ സമരങ്ങളുമായി മുന്നോട്ടുവരുമെന്നും രാഹുൽ വ്യക്തമാക്കി.
പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്താൻ പിണറായി വിജയൻ പോലീസിനെ ഉപയോഗിക്കുകയാണെന്ന് പികെ ഫിറോസ് കുറ്റപ്പെടുത്തി. സമരങ്ങളെ അടിച്ചമർത്തിയാലും പിന്നോട്ട് പോകുന്ന പ്രശ്നമില്ല. പിണറായി വിജയനെ അധികാര കസേരയിൽ നിന്ന് പുറത്താക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകും. കള്ളക്കേസ് ചുമത്തി സമരങ്ങളെ അടിച്ചമർത്തി പ്രശ്നങ്ങളെ വഴിതിരിച്ചുവിടുകയാണ്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കി യുഡിവൈഎഫ് മുന്നോട്ടുപോകുമെന്നും ഫിറോസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam