
പാലക്കാട്: ഇനി സ്ഥാനാർത്ഥിയാകാനില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പലവട്ടം തോറ്റാലും താൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകുമെന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം. ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യരായ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറിനിൽക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടന്റെ പിന്മാറ്റം ആവേശം നൽകട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ് ബുക്കിൽ കുറിച്ചു.
"കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട വിഷമത്തിൽ നില്ക്കുമ്പോഴും വ്യക്തിപരമായി സന്തോഷം നല്കിയ വിജയങ്ങളിൽ ഒന്നായിരുന്നു തൃപ്പൂണിത്തറയിൽ ബാബു ചേട്ടന്റെ വിജയം. സംസ്ഥാനത്ത് ആകെ എൽഡിഎഫ് ജയിച്ച തിരഞ്ഞെടുപ്പിൽ, സിപിഎം ഏറ്റവും ആഘോഷിക്കുന്ന അവർ സ്റ്റാർ ക്യാൻഡിഡേറ്റ് എന്ന് കരുതുന്ന സിറ്റിംഗ് എംഎൽഎ കൂടിയായ ശ്രീ എം സ്വരാജിനെ ബാബു ചേട്ടൻ തോൽപ്പിച്ചു എന്നുള്ളത് ആയിരുന്നില്ല എന്‍റെ സന്തോഷത്തിന്‍റെ കാരണം.
2016 ൽ പരാജയപ്പെട്ട ദിവസം തൊട്ട് 2021 വരെയുള്ള ആ മനുഷ്യന്റെ ജീവിതത്തെ പറ്റി നല്ല ബോധ്യം എനിക്കുണ്ട്. അത് എംഎൽഎ അല്ലാത്തതിന്റെ അധികാര നഷ്ട ബോധമല്ല, മറിച്ച് ചെയ്യാത്ത തെറ്റിന്റെ പേരിൽ വേട്ടയാടപ്പെട്ട ഒരു മനുഷ്യന്റെ മാനസികാവസ്ഥയാണ് ആ മനുഷ്യനെ ബാധിച്ചത്. ആൾക്കൂട്ടത്തിൽ ജീവിച്ച ഒരു മനുഷ്യനു ആ ആൾക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറി. ആരെങ്കിലും ഒന്ന് നോക്കിയാൽ അത് താൻ ചെയ്യാത്ത തെറ്റിൽ തന്നെ ക്രൂശിക്കുകയാണോ ആണോ എന്നുവരെ ആ മനുഷ്യന് തോന്നിയ കാലം.
വീട്ടിൽ ഒതുങ്ങിക്കൂടിയ ആ മനുഷ്യനെ സജീവമാക്കാൻ ഉമ്മൻ ചാണ്ടി സാർ ഒരുപാട് പരിശ്രമിച്ചു. ഒടുവിൽ 2021 ൽ ബാബു ചേട്ടൻ വീണ്ടും മത്സരത്തിന് ഇറങ്ങിയപ്പോൾ ക്രൂരമായി അദ്ദേഹത്തെ വ്യക്തിപരമായി വേട്ടയാടിയിട്ടും, തൃപ്പൂണിത്തുറ പോലെ ഒരു ഇടത്പക്ഷ മണ്ഡലത്തിൽ, ഒരു ഇടത് തരംഗത്തിൽ, അവരന്നു പ്രസംഗിച്ചത് പോലെ അവരുടെ മെസ്സിയെ തോൽപ്പിച്ച് ബാബു ചേട്ടൻ വീണ്ടും നിയമസഭയിലെത്തി.
‘കള്ളൻ ബാബു’ എന്നും ‘കോഴ ബാബു ’ എന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചും, കുടുംബത്തെയും കൂട്ടുകാരെയും വരെ പൊതു വിചാരണ നടത്തിയും മാധ്യമങ്ങളിലൂടെ താറടിച്ചും നടന്ന സിപിഎം അതിനു ശേഷം 10 വർഷം അധികാരത്തിൽ ഇരുന്നിട്ടും അവർ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞില്ല. അതല്ലെങ്കിലും സത്യം മാത്രമല്ലെ അത്യന്തികമായി ജയിക്കു.
ഇന്ന് ബാബു ചേട്ടൻ വീണ്ടും അത്ഭുതമാവുകയാണ്. തനിക്ക് വീണ്ടും മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ ‘ഞാൻ ഇനി പാർലമെന്ററി രംഗത്തേക്ക് ഇല്ല’ എന്ന അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്. ജനം പല കുറി തോൽപ്പിച്ചാൽ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണ്. മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം.
ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യരായ, പാർട്ടി ഫേസ് ആയ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറി നില്ക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടന്റെ പിന്മാറ്റം ആവേശം നല്കട്ടെ. ബാബു ചേട്ടാ, നിങ്ങൾ അഴിമതിക്കാരനല്ല, തോറ്റുപോയവനുമല്ല എന്ന് കുറ്റബോധത്തോടെ ഇന്ന് ഈ നാട് പറയുന്നുണ്ട്.
നിറയെ സ്നേഹം, അഭിമാനം"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam