
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത് അഡ്ജസ്റ്റ്മെന്റ് ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് കോൺഗ്രസും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളിയാണ്. രാഹുൽ മാങ്കൂട്ടത്തലിന്റെ തെറ്റുകൾക്കുള്ള ശിക്ഷയായി ഇതിനെ കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് എം.എൽ.എയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയായി തുടരുകയാണ്. കോൺഗ്രസിന് വേണ്ടാത്ത ആളെയാണോ പാലക്കാട്ടെ ജനങ്ങളുടെ മേൽ കെട്ടിയേൽപ്പിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
പാർട്ടി കർശന നടപടിയെടുക്കാൻ ഒരുങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കിയതിനെത്തുടർന്ന് നേതാക്കൾ നിലപാട് മയപ്പെടുത്തുകയായിരുന്നു എന്നുവേണം മനസിലാക്കാൻ. രാഹുൽ മാങ്കൂട്ടത്തലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ന്യായമായ നടപടി. ഒപ്പം എം.എൽ.എ. സ്ഥാനം രാജിവെപ്പിക്കണം.
പാലക്കാട്ടെ ജനങ്ങൾ രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന ഒരു ക്രിമിനൽ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ട്. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ അവരാണ്. ഉമ തോമസ് എംഎൽഎ അടക്കമുള്ള സ്വന്തം സംഘടനയിലുള്ളവർക്കെതിരെ അസഭ്യവർഷം നടത്തുന്നത് അവരാണ്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കാത്ത മറ്റൊരു കാരണം പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഭയക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam