പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച് കേന്ദ്രം പുതിയ വിജ്ഞാപനം ഇറക്കിയിട്ടും സംസ്ഥാന സർക്കാർ ഇടപെടാത്തതിനെതിരെ താമരശ്ശേരി രൂപത രംഗത്ത്. 131 വില്ലേജുകളെ ബാധിക്കുന്ന വിജ്ഞാപനത്തിലെ വ്യവസ്ഥകളും അതിർത്തി തർക്കങ്ങളും മലയോര മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കോഴിക്കോട്: പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനവുമായി താമരശ്ശേരി രൂപത. കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന ഒരു വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്യാത്തത് നിരാശയുണ്ടാക്കുന്നുവെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ വിഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍ തേടി കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ പ്രമേയം പാസാക്കി തുടങ്ങുകയും ചെയ്തു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കേരളത്തിലെ മലയോര മേഖലകളിലെ മനുഷ്യരുടെ തലയ്ക്ക് മുകളില്‍ തൂങ്ങുന്നൊരു വാളാണ് പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം. മാധവ് ഗാഡ‍്ഗില്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ വിവാദം പിന്നീട് കമ്മിറ്റികള്‍ പലത് വന്നിട്ടും കെട്ടടങ്ങിയില്ലെന്ന് മാത്രമല്ല, നിശ്ചിത ഇടവേളകള്‍ക്ക് ശേഷം കൂടുതല്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നതായിരുന്നു കാഴ്ച. ഇതെല്ലാമായിട്ടും വിഷയത്തില്‍ സമവായം ആകാത്തതിനാല്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ വിഞ്ജാപനം പുതുക്കുകയാണ് വനം പരിസ്ഥിതി മന്ത്രാലയം. ഇക്കഴിഞ്ഞ 27 നാണ് ഏഴാം തവണയും വിജ്ഞാപനം പുതുക്കി ഇറക്കിയത്. ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലയാക്കാന്‍ അനുവദിക്കില്ലെന്നതാണ് കേരളം സ്വീകരിച്ചുവരുന്ന പ്രഖ്യാപിത നിലപാടെങ്കിലും വാചക കസര്‍ത്തല്ലാതെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നില്ലെന്നാണ് മലയോര മേഖലയുടെ വികാരം.
വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം 999.37 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ പരിസ്ഥിതി ലോല മേഖല. കേരളത്തിലെ 131 വില്ലേജുകളിലായാണ് ഇത്രയും പ്രദേശങ്ങള്‍ വരുന്നത്. അന്തിമ വിജ്ഞാപനം വന്നാല്‍ ഖനനം, വന്‍കിട ക്വാറികള്‍, വന്‍കിട വ്യവസായങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം വരുമെന്നതാണ് മലയോര മേഖലയുടെ ആശങ്ക. കെഡസ്ട്രല്‍ മാപ് വഴി തയ്യാറാക്കിയിട്ടുളള വിജ്ഞാപനത്തില്‍ അതിര്‍ത്തി വ്യക്തമല്ലെന്നും ജിയോ കോര്‍ഡിനേറ്റ്സ് ഉപയോഗിച്ച് കൃത്യമായ അതിര്‍ത്തി വ്യക്തമാക്കണമെന്നുമാണ് പഞ്ചായത്തുകള്‍ ഉന്നയിക്കുന്ന ആവശ്യം. രട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാനായി 6 ദിവസത്തെ സമയമാണ് വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ചിട്ടുളളത്.
