
പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍ ആണെന്ന് റിപ്പോർട്ട്. ഇന്നലെ രാവിലെ വരെ രാഹുൽ ഇവിടെയായിരുന്നു. അതിന് ശേഷം കർണാടകയിലേക്ക് കടന്നതായാണ് സംശയം. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണസംഘം തമിഴ്നാട്ടിലെത്തി. ഒന്നിലധികം സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അന്വേഷണസംഘം തമിഴ്നാട് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം തേടി. കോയമ്പത്തൂരും പൊള്ളാച്ചിയും കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. സഹായത്തിനായി തമിഴ്നാട് ക്യൂ ബ്രാഞ്ചും ഒപ്പമുണ്ട്.
അതേസമയം, ബലാത്സംഗ കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിലെത്തി. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് രാഹുൽ ഹർജി നൽകിയത്. കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം കഴിയും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി ആവശ്യപ്പെടാം. ബലാത്സംഗ കേസുകളിൽ കോടതിക്ക് ഇതിൽ ഇളവ് വരുത്താനുമാകും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം. എന്നാൽ, ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഈ വകുപ്പ് പ്രകാരം ഹർജി കേൾക്കണമെന്ന് മാത്രമാണ് ഹർജിയിലെ ആവശ്യം.
രാഹുലിനെതിരെ പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് എടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ്, രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചുവന്ന പോളോ കാര്‍ കോണ്‍ഗ്രസ് നേതാവ് ഉപയോഗിച്ചെന്ന വിവരമാണ് പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ ആരോപിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിൽ ചുവന്ന പോളോ കാര്‍ കണ്ടെത്തിയതെന്നും പീഢന വീരനായിട്ടുള്ള എംഎൽഎയെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും പ്രശാന്ത് ശിവൻ പറയുന്നു. രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വീടുകളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് പ്രശാന്ത് ശിവൻ ഉന്നയിച്ചത്. അതേസമയം, ആരോപണം തള്ളി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് കെപിസിസി ജനറഷൽ സെക്രട്ഠറി സി ചന്ദ്രൻ രംഗത്തെത്തി. ചുവന്ന പോളോ കാറുമായി തനിക്ക് ബന്ധമില്ലെന്നും എല്ലാം രാഷ്ട്രീയ ആരോപണമാണെന്നായിരുന്നു ചന്ദ്രന്‍റെ പ്രതികരണം. തന്‍റെ കാര്‍ കേടായ സമയത്ത് രാഹുലിന്‍റെ കിയ കാര്‍ ആശുപത്രിയിൽ പോകാൻ ഉപയോഗിച്ചതല്ലാതെ ചുവന്ന കാറിനെക്കുറച്ച് അറിയില്ലെന്നുമാണ് ചന്ദ്രൻ വ്യക്തമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam