
കൊച്ചി: ടെലിവിഷൻ ചാനലുകളുടെ വ്യൂവർഷിപ് നിർണയിക്കുന്ന ബാർക്ക് ഡാറ്റയിൽ തിരിമറി നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ പൊലീസ് കേസെടുത്തു. 24 ന്യൂസ് ചാനൽ സീനിയർ വൈസ് പ്രസിഡന്‍റ് സി ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ് ബാർക്ക് സീനിയർ മാനേജർ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോർട്ടർ ചാനൽ ഉടമ രണ്ടാം പ്രതിയുമായി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ വ്യാജ രേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറിൽ ചേർത്തിരിക്കുന്നത്. ഒന്നാം പ്രതിയായ പ്രേംനാഥ് രണ്ടാം പ്രതിയായ ചാനൽ ഉടമയ്ക്ക് റേറ്റിംഗ് മീറ്ററുകൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറിയെന്നും 24 ന്യൂസിന്‍റെ റേറ്റിംഗ് കുറച്ച് കാണിച്ച് റിപ്പോർട്ടർ ചാനലിന് റേറ്റിങ് ഉയർത്തിക്കാണിച്ചുവെന്നുമാണ് ആരോപണം. ഇതേ തുടർന്ന് പരാതിക്കാരന്‍റെ ചാനലിന്‍റെ പരസ്യ വരുമാനത്തിൽ 15 കോടി രൂപയോളം നഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു. ബി എൻ എസ് 316(2), 318(4), 336(3), 340(2) , 3(5) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതേപരാതിയിൽ സ്വതന്ത്ര അന്വേഷണം നടത്താൻ ബാർക്ക് ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് ഓഡിറ്റ് നടത്തി സത്യം കണ്ടെത്താൻ സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തിയതായി ബാർക്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.