രാഹുലിനെ മണ്ഡലത്തിൽ എത്തിക്കാൻ നീക്കവുമായി ഷാഫി; എ ​ഗ്രൂപ്പ് യോ​ഗം ചേർന്നു, വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടിയിൽ പങ്കെടുപ്പിക്കും

Published : Aug 29, 2025, 10:23 AM ISTUpdated : Aug 29, 2025, 10:33 AM IST
shafi parambil

Synopsis

ഷാഫിയു‌ടെ നേതൃത്വത്തിൽ പാലക്കാട് എ ​ഗ്രൂപ്പ് യോ​ഗം ചേർന്നു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോ​ഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ​ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേർന്നത്. ഇന്നലെ പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോ‌ട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയെന്നായിരുന്നു പ്രതികരണം.

അതേസമയം, ‌ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ വടകരയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറില്‍ നിന്നും ഇറക്കി പൊലീസ് ഒത്താശയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാണ് പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎല്‍എ കെകെ രമയും യുഡിഎഫ് പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. കെകെ രമ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഷാഫിയെ തടയാനുള്ള ഇടത് നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് മന്ത്രിമാരോ എംഎല്‍എമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു. 

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരസ്യമായി പ്രതികരിച്ച റിനി ജോര്‍ജ്ജ്, അവന്തിക, ഹണി ഭാസ്കര്‍ എന്നിവരുടെ മൊഴി ആദ്യ ഘട്ടത്തിൽ എടുക്കും. രാഹുലിൽ നിന്നും മോശം അനുഭവം നേരിട്ട സ്ത്രീകള്‍ പരാതി നല്‍കാൻ തയ്യാറായില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം പോലെ കേസ് അവസാനിപ്പിക്കേണ്ടി വരാനുള്ള സാധ്യതയും ബാക്കിയാകുന്നുണ്ട്. രാഷ്ടീയ കേരളത്തെ പിടിച്ചുലച്ച കേസിൽ ക്രൈംബ്രാഞ്ചും മുന്നോട്ട് പോകുന്നത് അതീവ ഗൗരവത്തോടെയാണ്. ക്രൈംബ്രാഞ്ചിന്‍റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. ഡിവൈഎസ്പി സി ബിനുകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. ഡിജിറ്റൽ തെളിവുകള്‍ നിര്‍ണായകമായ കേസിൽ സൈബര്‍ വിദഗ്ധരെ കൂടി പ്രത്യേക സംഘത്തിൽ ഉള്‍പ്പെടുത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ചില പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിൻറെ മുന്നിലുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ല. രാഹുലിൽ നിന്നും മോശം അനുഭവം നേരിട്ട സ്ത്രീകള്‍ നിയമ നടപടികളുമായി സഹകരിക്കണം. ഈ സാഹചര്യത്തിലാണ് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ജോര്‍ജ്, അവന്തിക, ഹണി ഭാസ്കര്‍ എന്നിവരുടെ മൊഴി ആദ്യഘട്ടത്തിലെടുക്കും. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം