
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോൺഗ്രസിനുള്ള ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമാകുന്നു. എ ഗ്രൂപ്പ് രാഹുൽ മാങ്കൂട്ടത്തിനെ രംഗത്തിറക്കിയപ്പോൾ അബിൻ വർക്കിയെയാണ് ഐ ഗ്രൂപ് പിന്തുണച്ചത്. യുവനിരയിലെ രണ്ട് പ്രമുഖർ മാറ്റുരക്കുന്നതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. ടെലിവിഷൻ ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖങ്ങളാണ് ഇരുവരുമെന്നതും ശ്രദ്ധേയം. നേരത്തെ, കെ സി വേണുഗോപാൽ പക്ഷത്തിൽ നിന്ന് ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അവസാന നിമിഷം തീരുമാനത്തിൽ നിന്ന് പിന്മാറി. കോൺഡഗ്രസിലെ സതീശൻ-സുധാകരൻ ദ്വന്ദത്തിനെതിരെ ഒന്നിക്കാൻ എ,ഐ ഗ്രൂപ്പുകൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിനിയോഗിക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഓരോ ഗ്രൂപ്പും വ്യത്യസ്ത സ്ഥാനാർഥികളുമായി രംഗത്തെത്തി.
കടുത്ത അനിശ്ചിതത്വത്തിനൊടുവിലാണ് രാഹൂൽ മാങ്കൂട്ടം എ ഗ്രൂപ് സ്ഥാനാർഥിയായത്. നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തെ നിർദേശിച്ചത്. എന്നാൽ, മാങ്കൂട്ടത്തിന് ആദ്യഘട്ടത്തിൽ എ ഗ്രൂപ്പ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് എന്നതായിരുന്നു അതൃപ്തിക്ക് കാരണം. മറ്റൊരു യുവനേതാവ് കെ എം അഭിജിത്തിന്റെ പേരും ഉയർന്നുവന്നു. അഭിജിത്തിന് നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു.
ഐ ഗ്രൂപ്പിന്റെ അബിന്‍ വര്‍ക്കിക്ക് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ കൂടി പിന്തുണ ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമാവും യൂത്തുകോണ്‍ഗ്രസ് പുനസംഘടനയില്‍ തെളിഞ്ഞുകാണുക. പുതിയ സാഹചര്യത്തില്‍, മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ആര്‍ക്ക് വിജയമെന്നത് പ്രവചിക്കുകയും പ്രയാസമാണ്. കെ സി വേണുഗോപാലിനെ പിന്തുണക്കുന്നവരുടെ നിലപാടും നിർണായകമാകും.
Read More.... വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സഹകരിക്കാം, പക്ഷേ ഉപാധികളുണ്ട്; കോൺഗ്രസിനോട് എഎപി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam