
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പിജെ കുര്യന്‍റെ പ്രസ്താവന.
രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ഭാഷയും സൗന്ദര്യവും മതിയെന്ന് കരുതുന്ന സ്ഥാനമോഹികളെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയാൽ പരിഗണിക്കാമെന്ന് ഒരു വിഭാഗം നേതാക്കള്‍ നല്‍കിയ ഉറപ്പിൽ രാഹുല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കെയാണ് കുര്യന്‍റെ വിമര്‍ശനം.
തദ്ദേശ തെരഞ്ഞെടുപ്പിലെ വൻവിജയം നൽകിയ ആവേശത്തിൽ തിരക്കിട്ട് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് യുഡിഎഫ് നേതൃത്വം കടക്കുന്നതിനിടെയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തിൽ കടുത്ത നിലപാടുമായി രംഗത്ത് എത്തിയത്. സമീപകാലത്ത് പാര്‍ട്ടിക്ക് ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കിയ രാഹുലിനെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് കുര്യന്‍റെ പക്ഷം.
ലൈംഗികാരോപണങ്ങള്‍ ഉയരും മുൻപ് തന്നെ രാഹുലിന്‍റെ നേതൃത്വത്തിലുളള യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന ശൈലിക്കെതിരെ കുര്യന്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കുര്യന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ സൈബര്‍ ഇടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കടന്നാക്രമണം ബന്ധം വഷളാക്കുകയും ചെയ്തു. നിലവില്‍, ലൈംഗികരോപണ പരാതികളും കേസുകളും നേരിടുന്ന രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷനിലാണെങ്കിലും കോടതിയില്‍ അഗ്നിശുദ്ധി തെളിയിച്ചെത്തിയാല്‍ പാലക്കാട് വീണ്ടും പരിഗണിക്കാമെന്ന് കോണ്‍ഗ്രസിന്‍റെ ഒരു വിഭാഗം നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് കടുത്ത നിലപാട് തുടരുകയാണെങ്കിലും രാഹുല്‍ പ്രതീക്ഷയിലായിരുന്നു, ഇതിനിടെ, കുര്യന്‍ നടത്തിയ വിമര്‍ശനത്തില്‍ അസ്വസ്ശനായ രാഹുലില്‍ പെരുന്നയിലെ എൻഎസ്എസ് ചടങ്ങില്‍ വച്ച് കുര്യനെ നേരില്‍ കണ്ട് വിമര്‍ശനത്തോടുളള എതിര്‍പ്പ് നേരിട്ട് അറിയിക്കുകയും ചെയ്തു. അതിനിടെ, പാലക്കാട് ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ എഐസിസിയും കെപിസിസി തീരുമാനമാണ് അന്തിമമെന്നും നിലവില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ഡിസിസി പ്രസിഡണ്ട് അറിയിച്ചു.
അതിനിടെ, കുര്യന്‍റെ വിമര്‍ശനത്തെ പിന്തുണച്ച് പാലക്കാട്ടെ ബിജെപി നേതൃത്വം രംഗത്തെത്തി. രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് തെറ്റുതിരുത്തുകയാണെങ്കിൽ നല്ലകാര്യമെന്നായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam