
മലപ്പുറം: പൊന്നാനിയില്‍ റിട്ടയേഡ് അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. പൊന്നാനി പള്ളപ്രം സ്വദേശി അശ്വതിയെ (38) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി വിജയമാതാ കോണ്‍വെന്‍റ് സ്‌കൂളിന് സമീപം വയോധിക ദമ്പതികളായ മിലിട്ടറി ഉദ്യോഗസ്ഥനും റിട്ടയേർഡ് അധ്യാപികയും താമസിച്ചിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. ഒരു വര്‍ഷത്തിനിടെ 17 പവന്‍ സ്വര്‍ണാഭരണങ്ങളും വിലയേറിയ മദ്യകുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടുജോലിക്കാരി പിടിയിലായത്.
ഒരു വര്‍ഷം മുമ്പ് വീട്ടിൽ നിന്ന് ഏഴര പവന്‍ വിലവരുന്ന സ്വര്‍ണാഭരണം നഷ്ടമായിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയ സമയത്ത് സ്വര്‍ണാഭരണം നഷ്ടമായെന്നാണ് വീട്ടുകാര്‍ കരുതിയത്. മാസങ്ങള്‍ക്ക് ശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും നഷ്ടമായതോടെയാണ് വീട്ടുജോലിക്കാരിയെപ്പറ്റി സംശയമുയര്‍ന്നത്. അശ്വതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ മോഷണം പോയ മദ്യക്കുപ്പി കണ്ടെടുത്തു. ഇത് കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ തെളിവുകള്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണം പലപ്പോഴായി പണയം വെക്കുകയും വില്‍ക്കുകയും ചെയ്തതായി അശ്വതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി മഞ്ചേരി വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ എസ് അഷ്‌റഫ്, എസ് ഐമാരായ സി വി ബിബിന്‍, ആന്‍റോ ഫ്രാന്‍സിസ്, എ എസ് ഐ എലിസബത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നാസര്‍, എസ് പ്രശാന്ത് കുമാര്‍, പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam