എഐസിസി ആസ്ഥാനത്തെ കാഷ്യര്‍ മാത്യു വർഗീസിന്‍റെ കൊച്ചിയിലെ വീട്ടില്‍ റെയ്ഡ്

By Web TeamFirst Published Oct 12, 2019, 2:41 PM IST
Highlights

കോൺഗ്രസ് നേതാക്കൾക്കെതിരായ  അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണത്തിനായാണ് പരിശോധന നടത്തുന്നത്.

കൊച്ചി: എഐസിസി ആസ്ഥാനത്തെ കാഷ്യര്‍ മാത്യു വർഗീസിന്‍റെ കൊച്ചിയിലെ വീട്ടിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. കോൺഗ്രസ് നേതാക്കൾക്കെതിരായ  അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണത്തിനായാണ് പരിശോധന നടത്തുന്നത്. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്യു വര്‍ഗീസിന്‍റെ തൃപ്പൂണിത്തറയിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. ഇന്നലെ തന്നെ നിരവധി രേഖകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് കാഷ്യറായി ജോലി നോക്കുകയാണ് മാത്യു വര്‍ഗീസ്. പി ചിദംബരം, ഡി കെ ശിവകുമാര്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ മാത്യു വര്‍ഗീസിന്‍റെ കയ്യില്‍ ഇതുമായി ബന്ധപ്പെട്ട രേഖകളുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ദില്ലിയില്‍ നിന്ന് ആദായ നികുതി വകുപ്പ് കൊച്ചിയിലെത്തിയത്.

പാർട്ടിയുടെ ഫണ്ട് പിരിവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും  അന്വേഷിക്കുന്നുണ്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിക്കൊണ്ട് ദില്ലിയിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഇന്നലെ കൊച്ചിയിലെ വീട് കാണിച്ചുനല്‍കുന്നതിന് വേണ്ടി മാത്രമായിരുന്നു കൊച്ചിയിലെ ഉദ്യോഗസ്ഥരെ വിളിച്ചത്. ഇതിന് പിന്നാലെ ഇവരെ തിരിച്ചയച്ചിരുന്നു. രാജ്യവ്യാപകമായി കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നടക്കുന്ന  ആദായനികുതി വകുപ്പിന്‍റെ റെയ്‌ഡിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ ധനമന്ത്രി നിർമല സീതാരാമന്‍റെ വസതിയിലേക്ക് മാർച്ച്‌ നടത്തുന്നു.

click me!