
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ടണൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രദേശത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം എംഎൽഎ ആന്‍റണി രാജു കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന് കത്ത് നൽകി. പദ്ധതി നടപ്പാക്കുമ്പോൾ പ്രദേശവാസികളുടെ ആശങ്കപരിഹരിച്ച് മാത്രമേ അലൈൻമെന്‍റിൽ അന്തിമ തീരുമാനം എടുക്കാവൂ എന്നാണ് കത്തിലെ ആവശ്യം. അണ്ടർഗ്രൗണ്ട് റെയിൽവേ ലൈൻ നിർമ്മിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിരുന്നെന്നും എന്നാൽ, റെയിൽവേ സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തുരങ്കത്തിന്‍റെ നിർമ്മാണ സമയത്തും ശേഷവും ആളുകൾ നിർബന്ധിതമായി ഒഴിഞ്ഞുപോകേണ്ടിവരുമെന്നത് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ കത്ത് നൽകിയത്.
വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നൽകിയിട്ടുണ്ട്. ചകടക്കുളം മുക്കോല റൂട്ടിലെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകേണ്ട പാതയ്ക്കായി നേരത്തെ ഒരു നിർദേശം ഉണ്ടായിരുന്നു. എന്നാൽ കോട്ടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന നിലവിലുള്ള അലൈൻമെന്‍റ് ജനവാസ മേഖലകളെയും സ്കൂളുകളെയും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളെയും ബാധിക്കും. 9.43 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ ടണൽ പദ്ധതിയെക്കുറിച്ച് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പരിഭ്രാന്തരാണ്. റെയിൽവേ സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തുരങ്കത്തിന്‍റെ നിർമ്മാണ സമയത്തും ശേഷവും ആളുകൾ നിർബന്ധിതമായി ഒഴിഞ്ഞുപോകേണ്ടിവന്നേക്കാം. ഈ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ, ജനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിച്ചതിനുശേഷം മാത്രമേ റെയിൽ തുരങ്കത്തിന്‍റെ അലൈൻമെന്‍റ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാവൂ എന്നും ദുരിതബാധിതരുടെ ന്യായമായ പുനരധിവാസം ഉറപ്പാക്കുന്നതിനും ചർച്ചകൾ നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, പദ്ധതിയുടെ ടെൻഡർ നടപടികളിലേക്ക് കടക്കുകയാണ് അധികൃതർ. കൊങ്കൺ റെയിൽ കോർപറേഷൻ ലിമിറ്റഡിന് നിർമാണച്ചുമതലയുള്ള പദ്ധതി 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. തുറമുഖത്തിനു സമീപം ടണൽ ആരംഭിക്കുന്ന കോട്ടപ്പുറം ഭാഗത്ത് പ്രാദേശികമായി തർക്കം നിലനിൽക്കുന്നതിനാൽ തൽക്കാലം ഈ ഭാഗം ഒഴിവാക്കിയാകും നിർമാണം ആരംഭിക്കുക. ബാലരാമപുരം ഭാഗത്തുനിന്ന് ഒരു സംഘം നിർമാണം തുടങ്ങും. പാതയുടെ അലൈൻമെന്‍റിന് മധ്യഭാഗത്തായി വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസിൽ) ഏറ്റെടുത്ത സ്ഥലത്തുനിന്ന് താഴേക്ക് ആഴത്തിൽ കുഴിയുണ്ടാക്കിയ ശേഷം വിഴിഞ്ഞം ഭാഗത്തേക്കും ബാലരാമപുരം ഭാഗത്തേക്കും തുരങ്കം നിർമിക്കാനാണ് നിലവിൽ ധാരണായിരിക്കുന്നത്.