കൊച്ചുവേളിയിൽ പാസഞ്ചര്‍, വഞ്ചിനാട് യാത്രക്കാർക്ക് റെയിൽവേ അനൗൺസ്മെന്റ്, പിന്നെ ഓടടാ ഓട്ടം, എന്നിട്ടും ലേറ്റ്

Published : Mar 24, 2025, 04:11 PM IST
കൊച്ചുവേളിയിൽ പാസഞ്ചര്‍, വഞ്ചിനാട് യാത്രക്കാർക്ക് റെയിൽവേ അനൗൺസ്മെന്റ്, പിന്നെ ഓടടാ ഓട്ടം, എന്നിട്ടും ലേറ്റ്

Synopsis

കൊച്ചുവേളിയിൽ യാത്രക്കാരെ കൂട്ടയോട്ടമോടിച്ച് റെയിൽവേ, ഓഫീസുകളിലേക്കെത്തിയവരെല്ലാം ലേറ്റ്

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രെയിൻ തട്ടി യുവതി മരിച്ച സംഭവത്തിന് പിന്നാലെ യാത്രക്കാരെ നെട്ടോട്ടമോടിച്ച് റെയിൽവേ. ഇന്ന് രാവിലെ പേട്ടയ്ക്കും കൊച്ചുവേളിയ്ക്കും ഇടയിലായിരുന്നു പത്തനംതിട്ട സ്വദേശി മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് വരെ പാതയിൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഒമ്പതരയോടെ ട്രാക്കിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് റയിൽവേ അറിയിച്ചു. ഇതിനിടെയാണ് റെയിൽവേയുടെ നടപടിയിൽ യാത്രക്കാർ ഓടേണ്ടിവന്നത്. 

തിങ്കളാഴ്ചയായതിനാൽ തന്നെ കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്കെത്തിയിരുന്ന എല്ലാ ട്രെയിനുകളും നിറഞ്ഞാണ് എത്തിക്കൊണ്ടിരുന്നത്. യുവതിയുടെ മരണത്തെ തുടർന്നുണ്ടായ നിയന്ത്രണത്തിൽ ചിറയിൻകീഴ്, കഴക്കൂട്ടം, കൊച്ചുവേളി സ്റ്റേഷനുകളിൽ മണിക്കൂറുകളാണ് ട്രെയിനുകൾ പിടിച്ചിട്ടിരുന്നത്. ഇന്‍റർസിറ്റി, പുനലൂർ -കന്യാകുമാരി പാസഞ്ചർ, വഞ്ചിനാട് എക്സ്പ്രസ് ഉൾപ്പടെ വിവിധ സ്റ്റേഷനുകളിലൂടെ നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു. തലസ്ഥാനത്തെ വിവിധ സർക്കാർ -സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരടക്കം ട്രെയിനുകളിൽ കുടുങ്ങി. 

കൊച്ചുവേളിയിൽ ഒമ്പതുമണിയോടെ എത്തിയ പുനലൂർ-കന്യാകുമാരി പാസഞ്ചർ അരമണിക്കൂറോളം പ്ലാറ്റ്ഫോമിൽ പിടിച്ചിട്ടതോടെ യാത്രക്കാർ പലരും പുറത്തേക്കിറങ്ങി ഓട്ടോ-ബസ് പിടിച്ച് നഗരത്തിലേക്കെത്താൻ ശ്രമിച്ചു. ഇതിനിടെയാണ് ഒരു പ്രത്യേക അറിയിപ്പെത്തിയത്. ""എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെത്തിയിട്ടുണ്ട്. ഉടൻ പുറപ്പെടും. പാസഞ്ചറിൽ വന്ന യാത്രക്കാർക്ക് ആ വണ്ടിയിലേക്ക് കയറാവുന്നതാണ്' എന്നായിരുന്നു അറിയിപ്പ്. ഇത് കേട്ടതിന് പിന്നാലെ ഓട്ടോയ്ക്ക് ഓടിയവരും ബസ് പ്രതീക്ഷിച്ച് നിന്നവരും ട്രെയിനിനുള്ളിൽ ചൂടേറ്റ് വാടിക്കരിഞ്ഞിരുന്നവരും വഞ്ചിനാട് ലക്ഷ്യമാക്കി ഓടി. 

അതിനിടെ വഞ്ചിനാടിന്‍റെ എൻജിനിൽ നിന്നും പലതവണ ഹോണും മുഴങ്ങി. ഇതോടെ പാസഞ്ചറിൽ കാത്തിരുന്ന ബാക്കിയുള്ളവരും ഓടി രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെത്തി. അപ്പോഴാണ് നിറഞ്ഞെത്തിയ വഞ്ചിനാടിൽ കാല് കുത്താനുള്ള സ്ഥലമില്ലെന്ന് മനസിലായത്. ജനറൽ കംപാർട്ട്മെന്‍റ് -റിസർവേഷൻ കംപാർട്ട്മെന്‍റുകളടക്കം ഫുൾ. ഓടിയെത്തിയവർ പലരും ഇതോടെ റെയിൽവേയെ ശപിച്ച് തിരികെ മടങ്ങി. പലരും പഴയ ട്രെയ്നിലേക്ക് മടങ്ങി. 

വഞ്ചിനാടാകട്ടെ ഉടനൊന്നും പുറപ്പെട്ടതുമില്ല. പാസഞ്ചറിയിൽ നിന്നടക്കം ആൾക്കാർ തിക്കിത്തിരക്കിയെത്തിയതോടെ വാതിലിൽ നിന്നും പടിയിൽ ഇരുന്നും തിരുവനന്തപുരത്തെത്താൻ ഓടിയവർ ബോഗിയിൽ തൂങ്ങി വീണ്ടും സമയം തള്ളി നീക്കി. ഒടുവിൽ പത്തരയാകാറായതോടെ ട്രെയിൻ വീണ്ടും കൂകി വിളിച്ചു. ഇത്തവണ എന്തായാലും സിഗ്നൽ ലഭിച്ചു. പത്തരയോടെ വണ്ടി തിരുവനന്തപുരം സെൻട്രലിലേക്കെത്തി. പിന്നാലെ കാലിയായി പാസഞ്ചറും. 9.20 ന് എത്തേണ്ട യാത്രക്കാർ അങ്ങനെ 10.33ന് സെൻട്രലിൽ. വീണ്ടും ട്രെയിനിൽ നിന്നും ഇറങ്ങി ഓഫീസുകളിലേക്കുള്ള കൂട്ടയോട്ടം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി