മൺസൂൺ പാത്തി സജീവം; അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ റെ‍ഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published : Jul 30, 2024, 01:19 PM ISTUpdated : Jul 30, 2024, 02:03 PM IST
മൺസൂൺ പാത്തി സജീവം; അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ റെ‍ഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Synopsis

വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മഴ സാധ്യത പ്രവചനത്തിൽ പറയുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ്  റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മഴ സാധ്യത പ്രവചനത്തിൽ പറയുന്നു. മൺസൂൺ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നു. മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുന്നു. 

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ മലയോര മേഖലയിലും മാവൂര്‍ പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷം. നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂര്‍, മുക്കം മേഖലകളിലാണ് മഴക്കെടുതി രൂക്ഷം. മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചാത്തമംഗലത്ത് പതിനഞ്ച് കുടുംബങ്ങളേയും മാറ്റി, മാവൂരില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തെങ്ങിലക്കടവ്, ആമ്പിലേരി ,വില്ലേരി താഴം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ഇവിടെ ഗതാഗത തടസ്സവും രൂക്ഷമാണ്. വെള്ളം കയറിയ റോഡുകള്‍ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ബദല്‍ റോഡുകളിലൂടെ ഗതാഗതം തിരിച്ചു വിട്ടു.

തൃശൂർ വില്ലടത്തെ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. മാടക്കത്തറ പഞ്ചായത്തിലെയും തൃശൂർ കോര്പറേഷനിലെ വില്ലടം ഡിവിഷൻ പ്രദേശത്തെയും 30ലധികം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. തൃശൂർ ജില്ലയിൽ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്.

പീച്ചി ഡാമിന്റെ 4 സപ്പിൽവേ ഷട്ടറുകൾ 145 സെന്റീമീറ്റർ വീതം തുറന്നിട്ടുള്ളതാണ്. മഴ തീവ്രമായതിനെ തുടർന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തിയത്. വാഴാനി ഡാമിന്റെ നാലു ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം തുറന്നിട്ടുള്ളതാണ്. പൂമല ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകൾ 6 സെന്റീമീറ്റർ വീതവും തുറന്നിട്ടുള്ളതാണ്. പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്. തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങൽക്കുത്തിലേക്കു ഒഴുക്കുന്നു. തമിഴ്നാട് ഷോളയാർ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാൻ നിർദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെളിപ്പെടുത്തലിന് ശേഷമുള്ള ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്, കുഞ്ഞികൃഷ്ണന് എതിരെ സിപിഎമ്മിൽ നടപടി ഉണ്ടായേക്കും
എംസി റോഡിൽ തിരുവല്ല മുത്തൂരിൽ വാഹനാപകടം, ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, 30 പേർക്ക് പരിക്ക്