
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ (Heavy rain) തുടരുമെന്ന് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. തെക്കൻ- മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.
നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തിൽ തുടരും.
മുല്ലപ്പെരിയാര്‍: ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിര്‍ത്തി
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിര്‍ത്തി. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. 141.70 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. റൂൾ കര്‍വ് അനുസരിച്ച് 142 അടി വരെ ജലം സംഭരിക്കാനുള്ള അനുമതിയുണ്ട്. പരമാവധി സംഭരണശേഷിയായ 142 ൽ ജലനിരപ്പ് പിടിച്ച് നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയത്. നിലവിൽ തുറന്നിട്ടിരിക്കുന്ന ഒരു സ്പിൽ വെ ഷട്ടറും ഉടൻ അടക്കുമെന്നാണ് സൂചന. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ കുറഞ്ഞു. 2400.68 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam