
കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ ഹൊസ്ദൂർഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ (ആഗസ്റ്റ 5) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
കണ്ണൂര്‍: മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂർ പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം ഇതു വഴിയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. എന്നാൽ ഇന്ന് മഴ കനത്തതോടെയാണ് ഗതാഗതം വീണ്ടും നിരോധിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. ഇനിയൊരറിയിപ്പുണ്ടാക്കുന്നത് വരെ ചെറുവാഹനങ്ങളും ബസുകളും പാൽച്ചുരം വഴിയും ചരക്ക് വാഹനങ്ങൾ താമരശ്ശേരി ചുരം വഴിയും കടന്ന് പോകണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
കൽപ്പറ്റ: വയനാട് ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളിൽ ഡീസൽ ക്ഷാമം രൂക്ഷം. കൽപറ്റ ഡിപ്പോയിലെ 15 സർവീസുകൾ വെട്ടിക്കുറച്ചു. മാനന്തവാടിയിൽ 11 സർവീസുകൾ റദ്ദാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലയിൽ ഒടുവിലായി ഡീസൽ എത്തിയത്. കോഴിക്കോട് ഡിപ്പോയിൽ നിന്നാണ് കഴിഞ്ഞ ദിവസം മിക്ക ദീർഘദൂര ബസുകളും ഇന്ധനം നിറച്ചത്. ഇനിയും ഡീസൽ എത്തിയില്ലെങ്കിൽ നാളെ ജില്ലയിലെ ഭൂരിഭാഗം സർവ്വീസികളും മുടങ്ങും. ഡീസൽ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൽപറ്റ എംഎൽഎ ടി. സിദ്ദിഖ് ഗതാഗത മന്ത്രിക്ക് കത്തയച്ചു.