Kerala rain: കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി, കനത്ത മഴ തുടരും

By Web TeamFirst Published May 17, 2022, 6:52 PM IST
Highlights

സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്നും  ഓറഞ്ച് അലർട്ടാണ്.  മധ്യവടക്കൻ കേരളത്തിന് മുകളിലായും സമീപതുമായാണ് ചക്രവതച്ചുഴി നിലനിൽക്കുന്നത്.


തിരുവനന്തപുരം: കേരളത്തിന്‌ മുകളിൽ ചക്രവാത ചുഴി (Cyclonic Circulation) തുടരുന്നതിനാൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും  തീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചക്രവാതചുഴിക്ക് പുറമേ വടക്കൻ കേരളം മുതൽ വിദർഭവരെ ന്യുനമർദ്ദ പാത്തിയും ( trough ) നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ രണ്ടിന്റെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടി മിന്നലും  ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 

സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്നും  ഓറഞ്ച് അലർട്ടാണ്.  മധ്യവടക്കൻ കേരളത്തിന് മുകളിലായും സമീപതുമായാണ് ചക്രവതച്ചുഴി നിലനിൽക്കുന്നത്. ഇതോെടൊപ്പം അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റും മഴ ശക്തിപ്പെടാൻ കാരണമാകും. രാത്രിയും പുലർച്ചെയും എറണാകുളത്തിന് വടക്കോട്ട് നല്ല മഴ പ്രതീക്ഷിക്കാം എന്നാണ് പ്രവചനം. 

എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.  നാളെ തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും  അതിശക്തമായ മഴയ്ക്കും ഈ ദിവസങ്ങളിൽ സാധ്യത ഉണ്ട്.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതൽ വിദർഭവരെ നിലനില്കുന്ന   ന്യുനമർദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയ്ക്ക് ശക്തി കൂട്ടും. യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം കേരളത്തിലേക്ക് നീങ്ങുന്ന കാലവര്‍ഷം മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലേക്ക് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും എത്തിച്ചേരും. മെയ് 27-ഓടെ കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. മെയ് 26-ഓടെ കാലവര്‍ഷം എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. 

click me!