കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്

By Web TeamFirst Published May 16, 2020, 2:36 PM IST
Highlights

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകൾക്ക് പുറമേ തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആയിരിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകൾക്ക് പുറമേ തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആയിരിക്കും. അതേസമയം, കേരള തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലെന്ന് നിർദ്ദേശമുണ്ട്.

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 

കേരള, ലക്ഷദ്വീപ് തീരങ്ങൾ, കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ, ഈ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറും. ഒഡിഷ-പശ്ചിമ ബംഗാൾ തീരങ്ങൾക്ക് ചുഴലിക്കാറ്റിന് മുന്നറിയിപ്പുണ്ട്. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദം ആയി മാറിയിരിക്കുന്നു. അടുത്ത 12 മണിക്കൂറിൽ ഇത് വളരെ വേഗത്തിൽ ചുഴലിക്കാറ്റായും വീണ്ടും ശക്തിപ്രാപിച്ച് ശേഷമുള്ള 24 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റുമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

താഴെ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
 

16 -05 -2020: തെക്ക്  ബംഗാൾ ഉൾക്കടലിൽ   മണിക്കൂറിൽ  45  മുതൽ 55  കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65   കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

17-05 -2020 :മധ്യ ബംഗാൾ ഉൾക്കടലിൽ,  മണിക്കൂറിൽ 90  മുതൽ 100  കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 110  കി മി വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

18-05-2020 ::മധ്യ ബംഗാൾ ഉൾക്കടലിൽ, മണിക്കൂറിൽ 120  മുതൽ 130 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 145  കി മി വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

19 -05 -2020:മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക് ബംഗാൾ ഉൾക്കടലിലും  മണിക്കൂറിൽ 155 മുതൽ 165  കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 180    കി മി വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

20 -05 -2020 : വടക്ക്  ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 160  മുതൽ 170 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 190 കി മി വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

click me!