
തൃശൂർ: ട്രെയിനിൽ യാത്ര ചെയ്യുമ്പൾ മഴ നനഞ്ഞ് പനി പിടിച്ചാൽ ആർക്കാണ് ഉത്തരവാദിത്തം ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പറപ്പൂർ സ്വദേശി പിഒ സെബാസ്റ്റ്യന്റെ കയ്യിലുള്ള ഉത്തരവ്. ട്രെയിനിന്റെ ജനാലയ്ക്ക് അടച്ചുറപ്പില്ലാത്തതിനാൽ നനഞ്ഞ് യാത്ര ചെയ്തയാൾക്ക് അയ്യായിരം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് തൃശ്ശൂർ ഉപഭോക്തൃ കോടതി. പറപ്പൂർ സ്വദേശി പിഒ സെബാസ്റ്റ്യന് നഷ്ടപരിഹാരം നൽകാനാണ് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2013 ജൂൺ 29-നാണ് സെബാസ്റ്റ്യൻ ജനശതാബ്ദിയിൽ തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്തത്. മഴ കനത്ത് പെയ്തപ്പോൾ ജനൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സഹയാത്രികരും ഒരു കൈ നോക്കിയെങ്കിലും ഒന്നും നടന്നില്ല. നല്ല തിരക്കുള്ളതിനാൽ വേറെ സീറ്റും കിട്ടിയില്ല. ടിക്കറ്റ് ഇൻസ്പെക്ടറോട് പറഞ്ഞിട്ടും ഫലമില്ലാത്തതിനാൽ തിരുവനന്തപുരം വരെ നനഞ്ഞ് തന്നെ പോയി.
2014 ൽ പരാതി പരിഗണിച്ച കോടതി കഴിഞ്ഞ സെപ്തംബറിലാണ് പരാതിക്കാരന് 5000 രൂപയും കോടതിച്ചെലവിന് 3000 രൂപയും നൽകാൻ റെയിൽവേയോട് നിർദേശിച്ചത്. പരാതിക്കാരന്റേത് കെട്ടിച്ചമച്ച കഥയാണെന്ന വാദം കോടതി അംഗീകരിച്ചില്ല. വിധി റെയിൽവേയ്ക്ക് താക്കിതാണെന്ന ആശ്വാസത്തിലാണ് സെബാസ്റ്റ്യൻ. കോടതി ഉത്തരവ് പരിശോധിച്ച ശേഷം തുടർ നടപടി തീരുമാനിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam