പിണറയായിയുടേയും കോടിയേരിയുടേയും വിശ്വസ്തനായി വിജയരാഘവൻ പാർട്ടിയുടെ അമരത്തേക്ക്

By Web TeamFirst Published Nov 13, 2020, 7:10 PM IST
Highlights

കൊടിയ ദാരിദ്ര്യത്തിൽ വിദ്യാഭ്യാസം പോലും സാധ്യമാകാത്ത കുട്ടിക്കാലം. ഹോട്ടലുകളിലും ബേക്കറിയിലും പണിയെടുത്തായിരുന്ന ബാല്യത്തിൽ ഉപജീവനം. 

തിരുവനന്തപുരം: പിണറായിയുടെയും കോടിയേരിയുടെ വിശ്വസ്തനായാണ് എ.വിജയരാഘവൻ പാർട്ടിയുടെ അമരത്ത് എത്തുന്നത്. പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വിവാദക്കുരുക്കിൽ വീഴുമ്പോഴും അടിയുറച്ച പാർട്ടിക്കാരൻ എന്ന പ്രതിച്ഛായയാണ് സിപിഎമ്മിൽ വിജരാഘവന്‍റെ മുതൽക്കൂട്ട്. തീർത്തും ദരിദ്രമായ സാഹചര്യത്തിൽ നിന്നുമാണ് എ.വിജയരാഘവൻ എന്ന നേതാവ് ഉയർന്ന് വന്നത്.

കൊടിയ ദാരിദ്ര്യത്തിൽ വിദ്യാഭ്യാസം പോലും സാധ്യമാകാത്ത കുട്ടിക്കാലം. ഹോട്ടലുകളിലും ബേക്കറിയിലും പണിയെടുത്തായിരുന്ന ബാല്യത്തിൽ ഉപജീവനം. മലപ്പുറത്തെ പ്രമുഖനായ അഭിഭാഷകന്‍റെ സഹായിയായി എത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. മുടങ്ങിയ പഠനം വീണ്ടും തുടങ്ങി റാങ്ക് ജേതാവായാണ് എ.വിജയരാഘവൻ ബിരുദം പൂർത്തിയാക്കുന്നത്. ടെറിറ്റോറിയൽ ആർമിയിൽ ചേർന്നെങ്കിലും 20ാം മാസം മടങ്ങിയെത്തി പഠനം തുടർന്നു.

പിന്നാലെ നിയമവിദ്യാർത്ഥിയായി പഠനത്തിൽ മൂന്നാംവരവ്. കോളെജിൽ വിദ്യാർത്ഥി നേതാവായതോടെ വിജയരാഘവൻ സിപിഎം നേതാക്കൾക്കും പ്രിയപ്പെട്ടവനായി. 1989ൽ വി.എസ് വിജയരാഘവനെ പാലക്കാട് സീറ്റിൽ അട്ടിമറിച്ചാണ്  വിജയരാഘവൻ പാർലമെന്‍റിൽ എത്തുന്നത്. ലോകസഭയിലെ പ്രകടനം ദേശീയ തലത്തിലെ വിജയരാഘവനെ ശ്രദ്ധേയനാക്കി. തുടന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

കർഷകസംഘം അഖിലേന്ത്യാ നേതാവായി ഉയർന്ന വിജയരാഘവൻ പാർട്ടി കേന്ദ്ര സെന്‍ററിലും തിളങ്ങി. വിഭാഗീയ കാലത്ത് പിണറായിക്കൊപ്പം അടിയുറച്ച് നിന്ന വിജയരാഘവൻ കേന്ദ്രകമ്മിറ്റിയിൽ ഔദ്യോഗിക വിഭാഗത്തിന്‍റെ നാവായി മാറി. പിണറായി മുഖ്യമന്ത്രിയായതോടെ ദില്ലിയിൽ നിന്നും എകെജി സെന്‍ററിലേക്ക്  പ്രവർത്തനം മാറ്റിയ എ.വിജയരാഘവൻ പിന്നീട് മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് വിവാദ പരാമർശങ്ങളിലൂടെയാണ്. 

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ആലത്തൂർ മണ്ഡലത്തിലെ വിവാദ പ്രസംഗം പാർട്ടിക്ക് തിരിച്ചടിയായപ്പോഴും നേതൃത്വം വിജയരാഘവനെ തള്ളിയില്ല. ജോസ് വിഭാഗത്തിന്‍റെയും എൽജെഡിയുടെയും എൽഡിഎഫ് പ്രവേശനത്തിൽ മുന്നണി കണ്‍വീനർ ആയി തിളങ്ങി നിൽക്കുമ്പോഴാണ് എകെജി സെന്‍ററിന്‍റെ അമരത്തും വിജയരാഘവൻ എത്തുന്നത്. നിർണ്ണായക പ്രതിസന്ധിയിൽ പാർട്ടിയേയും മുന്നണിയെയും നയിക്കുക എന്ന ഇരട്ടദൗത്യമാണ് എ.വിജയരാഘവന് മുന്നിൽ ഇനിയുള്ളത്. 

click me!