ദീപൻ കാത്തിരിക്കുകയാണ്, ഒമ്പത് മാസം ഗർഭിണിയായ ഭാര്യയെയും അമ്മയെയും

By Web TeamFirst Published Aug 8, 2020, 2:25 PM IST
Highlights

ഒമ്പത് മാസം ഗർഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങായിരുന്നു പിറ്റേന്ന്. എല്ലാ ഒരുക്കങ്ങളുമായി, നേരത്തേ എഴുന്നേൽക്കാൻ നേരത്തേ കിടന്നതായിരുന്നു ദീപനും കുടുംബവും. വലിയൊരു ശബ്ദം കേട്ട് കട്ടിലിൽ നിന്ന് തകിടം മറിഞ്ഞ് ചളിയിൽ താഴ്ന്ന ദീപൻ പിന്നെ മുത്തുലക്ഷ്മിയെ കണ്ടില്ല. ഇരുട്ട് മാത്രം..

ഇടുക്കി: പേടിപ്പെടുത്തുന്ന ഇരുട്ടായിരുന്നു അന്ന് രാത്രി ദീപന് മുന്നിൽ. നിലവിളികളും, ആർത്തനാദവും. അതിനെല്ലാമിടയിൽ രക്ഷിക്കണേ എന്ന് അമ്മയും ഒമ്പത് മാസം ഗർഭിണിയായ സ്വന്തം മുത്തുലക്ഷ്മിയും എവിടെ നിന്നോ നിലവിളിക്കുന്നത് കേട്ടു. കൈയും കാലും പോലും അനക്കാൻ ദീപന് കഴിയുമായിരുന്നില്ല. കഴുത്തൊപ്പം ചെളിയിൽ പുതഞ്ഞ് പോയിരുന്നു ദീപൻ. 

മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലിരുന്ന് ഭാവിയിലെ ഇരുട്ടിലേക്ക് കൂടിയാണ് ഇനിയെന്ത് എന്നറിയാതെ ദീപൻ ഉറ്റുനോക്കുന്നത്. തൊട്ടടുത്തു നിന്നാണ് ഭാര്യയും അച്ഛനമ്മമാരും ചെളിയിൽ പുതഞ്ഞുപോയത്. 

കൈപിടിക്കാൻ ആയുമ്പോഴേക്കും അമ്മ പളനിയമ്മ മണ്ണിൽ പുതഞ്ഞു. നിലവിളി കേട്ടെങ്കിലും ഇരുട്ടിൽ ഭാര്യ മുത്തുലക്ഷ്മിയെയും അച്ഛനെയും ദീപന് കണ്ടെത്താനായില്ല.

ഒമ്പത് മാസം ഗർഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങായിരുന്നു പിറ്റേന്ന്. എല്ലാ ഒരുക്കങ്ങളുമായി, നേരത്തേ എഴുന്നേൽക്കാൻ നേരത്തേ കിടന്നതായിരുന്നു ദീപനും കുടുംബവും. വലിയൊരു ശബ്ദം കേട്ട് കട്ടിലിൽ നിന്ന് തകിടം മറിഞ്ഞ് ചളിയിൽ താഴ്ന്ന ദീപൻ പിന്നെ മുത്തുലക്ഷ്മിയെ കണ്ടില്ല. ഇരുട്ട് മാത്രം..

''ഒമ്പതരയ്ക്കാണ് ഞങ്ങൾ കിടന്നത്. പത്തരയ്ക്കാണ് മണ്ണിടിഞ്ഞ് വന്നത്. ഒന്നും ഓർമയില്ല പിന്നെ. വീട്ടില് അമ്മ, അപ്പ, മുത്ത്.. ഒക്കെയുണ്ട്. ഞാൻ അങ്ങനെ കുറേ നേരം വരെ കിടന്നു. പിന്നെ ഗണേഷൊക്കെ വന്ന് രക്ഷിച്ചു. എന്നെ ആശുപത്രിയിലാക്കി. അപ്പ ഇല്ല. പോയി എന്നാണ് പറയുന്നത്. അമ്മയും മുത്തും അവിടെയുണ്ട്. വരും..'', എന്ന് പറയുമ്പോഴേയ്ക്ക് ദീപന്‍റെ കണ്ണ് നിറഞ്ഞൊഴുകി, തേങ്ങി. 

''അഴാതപ്പാ, എല്ലാവരും വരും, കേട്ടോ'', എന്ന് കണ്ടുനിൽക്കുന്നവരും ആശുപത്രി ജീവനക്കാരും വിതുമ്പലോടെ ആശ്വസിപ്പിക്കുന്നു അപ്പോൾ. 

സമീപത്തെ ലയത്തിൽ നിന്ന് രക്ഷപ്പെട്ട ഗണേശും സുഹൃത്തുക്കളും ചേർന്ന് ദീപനെ രക്ഷപ്പെടുത്തിയത് പുലർച്ചെ ആറിന്.  കൈയ്ക്ക് സാരമായി പരിക്കേറ്റ് ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലുള്ള ദീപന് ഉടൻ ശസ്ത്രക്രിയ നടത്തും. 

പക്ഷേ, ദീപൻ ഇപ്പോഴും കാത്തിരിക്കുകയാണ്, തന്‍റെ കുഞ്ഞിനെയും വയറ്റിൽ പേറുന്ന ഭാര്യയെയും മാതാപിതാക്കളെയും ജീവനോടെ മണ്ണിനടിയിൽ നിന്ന് കണ്ടെത്താമെന്ന പ്രതീക്ഷയിൽ. പക്ഷേ ഇതിനെന്ത് മറുപടി നൽകുമെന്ന് അറിയാതെ വിതുമ്പുമ്പോഴും മനസ്സാന്നിധ്യം കൈവിടുന്നില്ല ആശുപത്രി ജീവനക്കാർ. അവർ ദീപനോട് പറയുന്നു, വരും, അവർ വരാതിരിക്കില്ല!

click me!