
ഇടുക്കി: രാജമല ദുരന്തത്തിൽപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. പെട്ടിമുടിയിൽ വച്ച് രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തും. ഇതിനായുള്ള മെഡിക്കൽ സംഘം പെട്ടിമുടിയിലെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം പെട്ടിമുടിയിൽ തന്നെ സംസ്കാരം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ണൻദേവൻ കമ്പനിയുടെ സ്ഥലത്താണ് സംസ്കാരം നടത്തുക. അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ യുവാക്കളും രാജമല ദുരന്തത്തിൽപ്പെട്ടിട്ടുണ്ട്.
മൂന്നാർ സ്വദേശികളായ നിതീഷ്, രതീഷ് എന്നിവർ കഴിഞ്ഞ ദിവസമാണ് പെട്ടിമുടിയിൽ എത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ കിട്ടിയില്ല. സിംഗപ്പൂരിൽ നിന്ന് ലീവിന് നാട്ടിലെത്തിയ യുവാവ് മഹേഷ് ദുരന്തത്തിൽപ്പെട്ടു. മഹേഷിൻ്റെ മൃതദേഹം ലഭിച്ചുവെങ്കിലും ശരീരഭാഗങ്ങൾ അറ്റുപോയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ദുരന്ത ഭൂമിയില്‍ നിന്ന് 17 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍, 15 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഗാന്ധിരാജ് (48), ശിവകാമി (38),.വിശാൽ (12), രാമലക്ഷ്മി (40), .മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43 ), കൗസല്യ (25), തപസിയമ്മാള്‍ (42), സിന്ധു (13), നിതീഷ് (25), പനീര്‍ശെല്‍വം (5), ഗണേശന്‍(40) എന്നിവരുടെ മൃതദേഹമാണ് ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്തിയത്.
മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നു. അപകട സ്ഥലത്ത് നാല് ലയങ്ങളിലായി 36 മുറികളില്‍ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ് വിവരം. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട ലയങ്ങളിൽ പലതും പൂർണമായും മണ്ണിനടിയിലായി എന്നാണ് വിവരം. രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam