
രാജമല: മണ്ണിടിഞ്ഞ് നിരവധി തോട്ടം തൊഴിലാളികളെ കാണാതായ രാജമലയിലെ പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ആറ് മാസം പ്രായമായ കുഞ്ഞിന്റേതാണ് മൃതദേഹം. ഇതോടെ ആകെ മരണം 43 ആയി. ഇന്ന് മാത്രം 17 മൃതദേഹങ്ങളാണ് അപകട സ്ഥലത്ത് നിന്ന് കമ്ടെത്തിയത്. ഇനി 16 കുട്ടികളടക്കം 27 പേരെ കണ്ടെത്താനുണ്ട്.
അവശേഷിക്കുന്നവരെ കണ്ടെത്താനായി കഠിന പരിശ്രമം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. 57 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് ടീമും, ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പ്രധാനമായും നടത്തുന്നത്. കനത്ത മഴയായതിനാൽ സ്ഥലത്ത് തെരച്ചിൽ ഇപ്പോഴും അതീവദുഷ്കരമാണ്. മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. ചിലർ പെട്ടിമുടിപ്പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്. രക്ഷാദൗത്യത്തിൽ സഹായിക്കാൻ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും എത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam