'അവങ്കെ പോയിട്ടാങ്കെ എങ്കളാലെ ഇരുക്ക മുടിയലേ'; മണ്ണിനടിയിലായവരെ തേടി ഉറ്റവര്‍, നൊമ്പരക്കാഴ്ചയായി പെട്ടിമുടി

By Web TeamFirst Published Aug 9, 2020, 6:03 PM IST
Highlights

രാജമല ദുരന്തഭൂമിയിലേ വേദനിപ്പിക്കുന്ന കാഴ്ചയാണ് കാണാതായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ബന്ധുക്കളുടെ കാത്തിരിപ്പ്. ആറ് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം 18 കുട്ടികളെയാണ് ദുരന്തം കവർന്നെടുത്തത്. 

ഇടുക്കി: നൊമ്പരക്കാഴ്ചയാകുകയാണ് പെട്ടിമുടി. മണ്ണിനടിയില്‍ പെട്ടുപോയ ഉറ്റവരെ തേടി അലയുകയാണ് ബന്ധുക്കള്‍. പെട്ടെന്നൊരു രാത്രിയില്‍ എല്ലാം നഷ്ടപ്പെട്ടു, ഇനിയെങ്ങനെ ജീവിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. മണ്ണിനടിയിൽ ആഴ്ന്നുപോയ ഉറ്റവരെ കണ്ടെത്താനായി നിരവധിപേരാണ് മഞ്ഞും മഴയും വകവെയ്ക്കാതെ പെട്ടിമുടിയിൽ കാത്തിരിക്കുന്നത്. രാജമല ദുരന്തഭൂമിയിലേ വേദനിപ്പിക്കുന്ന കാഴ്ചയാണ് കാണാതായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ബന്ധുക്കളുടെ കാത്തിരിപ്പ്. ആറ് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം 18 കുട്ടികളെയാണ് ദുരന്തം കവർന്നെടുത്തത്. 

പ്രിയപ്പെട്ടവരുടെ ജീവനറ്റ ശരീരമെങ്കിലും അവസാനമായി കാണാനാകുമോയെന്ന ആശങ്കയിലാണ് രാജമലയിലെ ദുരിതബാധിതര്‍. മകനും മരുമകളുമടക്കം 13 ബന്ധുക്കളെയാണ് രാമറിന് നഷ്ടമായത്. ബന്ധുവിന്റെ വീട്ടിലെത്തിയ മക്കളെ നഷ്ടപ്പെട്ട ബിനീഷ് കുമാറും കണ്ണീര്‍ കാഴ്ചയാകുകയാണ്. പെട്ടിമുടി മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് നോവുന്ന കാഴ്ചയാകുകയാണ് കുട്ടികളെ തിരഞ്ഞ് നടക്കുന്നവര്‍. രണ്ട് കുട്ടികളെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. 

ശിവഗുരുനാഥൻ രണ്ട് ദിവസമായി ദുരന്തഭൂമിയില്‍ കാത്തുനില്‍ക്കുകയാണ്. സഹോദരനും മൂന്ന് കുട്ടികളും ഈ മണ്ണിലാണ്. വീട്ടിലെത്തുമ്പോൾ മാമ എന്ന വിളിയോടെ  ഓടിയെത്താറുള്ള കുഞ്ഞുങ്ങൾ ഇനി വരില്ല. അതോർക്കുമ്പോൾ ശിവഗുരുനാഥന്‍റെ നെഞ്ച് പൊള്ളിക്കുകയാണ്. രാജമലയിലെ ഈ മണ്ണിനടിയിൽ ഇതുപോലെ 18 കുട്ടികൾ ഉണ്ട്. അവരുടെ സ്ളേറ്റുകളും കുഞ്ഞ് ഷൂസും കസേരയുമെല്ലാം അങ്ങിങ്ങായി ചിതറി നില്‍പ്പുണ്ട്. രണ്ട് പേരെ മാത്രാമാണ് ഇതുവരെ കണ്ടെത്തിയത്.

സ്ഥലത്തെ ജനപ്രതിനിധിയാണ് ശാന്ത. തെരച്ചിൽ നടക്കുന്ന സ്ഥലത്ത് ഇരുന്നു ഓർത്തത് ഭാരതിയുടെ 6 വയസുള്ള പിറന്നാളുകാരനെക്കുറിച്ചാണ്. അമ്മാവന്മാർ വാങ്ങിക്കൊടുത്ത പുത്തൻ കുപ്പായമിട്ട് സന്തോഷത്തോടെ ആ കുഞ്ഞ്  ഉറങ്ങിയത് മരണത്തിലേക്ക് ആണെന്ന് ഓർക്കുമ്പോൾ ഇടരുകയാണ് ശാന്തയുടെ ശബ്ദം. ദുരന്തഭൂമിക്ക് സമീപമാണ് കുട്ടികൾ കളിചിരിയുമായി ഒത്തുകൂടിയ അംഗൻവാടി. ഇപ്പോൾ അത് താത്കാലിക മോർച്ചറിയായിരിക്കുന്നു. പൂക്കളുമായി കുട്ടികൾ എത്താറുള്ള അവിടെ നാട്ടുക്കാർ റീത്തുമായി കാത്തുനിൽപ്പാണ്.  

തിരുനെൽവേലി സർക്കാർ ആശുപത്രിയിലെ നഴ്സാണ് അലമുറയിട്ട് കരയുന്ന ശിവകാമി. ശിവകാമിയുടെ അമ്മയും അച്ഛനും സഹോദരനും മണ്ണിനടിയിലാണ്. ശിവകാമിയെപ്പോലെ നിരവധിപേർ ദുരന്ത ഭൂമിക്ക് സമീപത്ത് തേയില തോട്ടത്തിൽ ഉറ്റവരെ പുറത്തെടുക്കുന്നതും കാത്തിരിക്കുകയാണ്. 

രാജമലയിലെ ദുരന്തഭൂമിയില്‍ നിന്ന് ഇതുവരെ 42 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് മാത്രം 16 മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെടുത്തു. ഇനി കണ്ടെത്താനുള്ളവരിൽ ഏറെയും കുട്ടികളാണ്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസ്സം. ഇവ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ച് നീക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. 

 

click me!