
കൊച്ചി: ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ട്വന്റി 20 വികസനം നടപ്പിലാക്കിയ പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ട്വന്റി 20 എൻഡിഎയിലേക്കെന്ന വാർത്തയ്ക്ക് പിന്നാലെ സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകൾ. മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സർപ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ജീവിതത്തിലെ നിർണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും ആയിരുന്നു സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. ഒറ്റക്ക് നിന്നാൽ ലക്ഷ്യങ്ങൾ എത്രത്തോളം പ്രായോഗികമാക്കാം എന്ന് സംശയം ഉണ്ടായിരുന്നു. ട്വന്റി 20യെ ഉൻമൂലനം ചെയ്യാൻ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവർക്കുള്ള മറുപടിയെന്നും സാബു ജേക്കബ് പ്രതികരിച്ചു. ഇങ്ങനെ പോയാൽ കേരളം തന്നെ ഇനി കാണാൻ കഴിയില്ല. രാജ്യത്തെ നശിപ്പിക്കുന്ന പാർട്ടികൾക്ക് എതിരെയായിരുന്നുവെന്നും എല്ലാ പാർട്ടികൾക്കും എതിരെ ആയിരുന്നില്ലെന്നും സാബു പറഞ്ഞു. നശിപ്പിക്കാൻ ശ്രമിച്ചവരോടുള്ള വാശി ആണ് ബിജെപിക്കൊപ്പം വരുന്നതിനു പിന്നിൽ. തന്റെ ബിസിനസ്സ് അല്ല ഇന്ന് ചർച്ച ചെയ്യേണ്ടത്. ഇന്ത്യയിൽ ഏറ്റവും വികസനമുണ്ടാക്കിയ പാർട്ടി ബിജെപിയെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam