വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ

Published : Jan 22, 2026, 02:59 PM ISTUpdated : Jan 22, 2026, 07:32 PM IST
bjp twenty20

Synopsis

കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി ബിജെപി. ട്വന്റി 20 പാർട്ടിയെ എൻഡിഎ മുന്നണിയിലെത്തിക്കുന്നതിനായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് സാബു എം ജേക്കബും കൂടിക്കാഴ്ച നടത്തി

കൊച്ചി: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബി ജെ പി നേതൃത്വം. ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുമെന്ന് ഉറപ്പായി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും തമ്മിൽ കൊച്ചിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻ ഡി എയുടെ ഭാഗമാകുമെന്ന് ഉറപ്പായെന്നും വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വ്യക്തമാകുന്നത്. കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്‍റി 20 യെ എൻ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്.

വിശദവിവരങ്ങൾ

സംഘടനാപരമായി ശക്തി കുറഞ്ഞ എറണാകുളം ജില്ലയിൽ സാബു ജേക്കബിനെ ഒപ്പം നിർത്തുന്നതിലൂടെ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ഇടത് സർക്കാരിന്‍റെ വ്യവസായ നയത്തെ വിമർശിച്ച് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് കളം മാറ്റിയ സാബുവിനെ ഒപ്പം നിർത്തുന്നതിലൂടെ വികസനത്തിൽ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് കൂടുതൽ ശക്തി ലഭിക്കുമെന്ന് ബി ജെ പി കരുതുന്നു. ക്രൈസ്തവ മേഖലകളിലേക്ക് കടന്നു കയറാൻ സാബുവിന്റെ സാന്നിധ്യം സഹായിക്കുമെന്നു കൂടി പ്രതീക്ഷിച്ചാണ് ബി ജെ പി സാബുവിന് കൈകൊടുത്തത്. എന്നാൽ അവശേഷിച്ചിരുന്ന രാഷ്ട്രീയ സാധ്യതകൾ കൂടി സാബു ഇല്ലാതാക്കി എന്നാണ് ജില്ലയിലെ കോൺഗ്രസിന്റെയും സി പി എമ്മിന്റെയും വിലയിരുത്തൽ. ബി ജെ പിക്കൊപ്പം പോയതോടെ ഇതുവരെ ഉണ്ടായിരുന്ന ട്വന്‍റി 20 യുടെ ജനകീയ അടിത്തറയിൽ വലിയ ചോർച്ചയുണ്ടാകുമെന്ന വിലയിരുത്തലാണ് യു ഡി എഫ്, എൽ ഡി എഫ് കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നത്. മുഖ്യമുന്നണികളുടെ വിമർശകൻ എന്ന നിലയിൽ സാബുവിന് നഗരമേഖലയിൽ കിട്ടിയിരുന്ന പിന്തുണ ബിജെപിക്കൊപ്പം ചേർന്നതോടെ ഇല്ലാതായെന്ന് കണക്കുകൂട്ടുന്നു യുഡിഎഫും എൽഡിഎഫും. ഇതുവരെ സാബുവിനെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ബി ജെ പി ബാന്ധവത്തോടെ സാബുവിനെ കൈവിടുമെന്നും ഇരു മുന്നണികളും കരുതുന്നു. എൻ ഡി എ മുന്നണിയുടെ ഭാഗമാകാനുള്ള സാബുവിന്റെ തീരുമാനത്തിൽ എതിർപ്പുള്ള പഞ്ചായത്ത് അംഗങ്ങളെ കൂടെ കൂട്ടാൻ എൽ ഡി എഫും യു ഡി എഫും ശ്രമം തുടങ്ങിക്കഴിഞ്ഞു. ബി ജെ പിക്കൊപ്പം നിന്നുള്ള പരീക്ഷണം പാളിയാൽ ട്വന്‍റി 20 എന്ന രാഷ്ട്രീയ പാർട്ടി തന്നെ അപ്രസക്തമാകും. എറണാകുളം ജില്ലയിലെ 4 പഞ്ചായത്തുകളിൽ മാത്രം ഭരണമുള്ള ഒരു ചെറിയ പാർട്ടി മാത്രമാണ് സാബു ജേക്കബിന്‍റെ ട്വന്‍റി 20. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെയാണ് ബി ജെ പി മുന്നണിയുടെ ഭാഗമാകുക മാത്രമായിരുന്നു സാബുവിന് മുന്നിലുള്ള ഏക സാധ്യത. സ്വന്തം പാർട്ടിയുടെ രാഷ്ട്രീയ നിലനിൽപ്പിന് നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തിൽ മൽസരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങും, കടുത്ത നിലപാടുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ; തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും
ഇനി വിലക്കുറവിൽ ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ വാങ്ങാം; 14 കാരുണ്യ ഫാർമസികളിൽ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്