
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നമ്മുടെ ഇന്നത്തെ യുവാക്കളിൽ ചിലരെ പിടികൂടിയിരിക്കുന്ന അങ്ങേയറ്റത്തെ വിവരക്കേടിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നാണ് സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്‍റെ വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. ഒരു ലോകോത്തര സർവ്വകലാശാലയിൽ പഠിക്കാനും അറിവ് നേടാനും കിട്ടിയ അവസരത്തെയും സുന്ദർ പിച്ചൈയെപ്പോലെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കുകയും സംരംഭങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്ത ഒരാളുടെ കാഴ്ചപ്പാടുകൾ നേരിട്ട് കേൾക്കാനുമുള്ള ഭാഗ്യമാണ് അവർ കളഞ്ഞുകുളിച്ചത്.
യുവത്വത്തിന്‍റെ ചോരത്തിളപ്പിൽ വ്യവസ്ഥിതികളെ എതിർക്കാനും, ചോദ്യം ചെയ്യാനും, വെല്ലുവിളിക്കാനും, ഒരു ലക്ഷ്യത്തിനുവേണ്ടി പോരാടാനുമൊക്കെയുള്ള സ്വതസിദ്ധമായൊരു ആവേശം ഉള്ളിലുണ്ടാകും. വിദ്യാർത്ഥിക്കാലത്ത് നമ്മളും ഇതൊക്കെ ചെയ്തിട്ടുള്ളതാണ്. ഇതിലും ഭ്രാന്തമായ പലതും കാട്ടിക്കൂട്ടിയിട്ടുമുണ്ട്. ആ പ്രായത്തിൽ അതൊക്കെ ചെയ്യേണ്ടതുമാണ്. പക്ഷേ, ഒരു സത്യം നമ്മൾ തിരിച്ചറിയണം. ഒരു ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുക എന്നതിനർത്ഥം വിവരക്കേടും കോമാളിത്തരവും കാണിക്കുക എന്നല്ല. നിങ്ങൾ ജീവിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലത്താണ്, അല്ലാതെ വിവരക്കേടിന്‍റെ കാലത്തല്ലെന്നും രാജീവ് കുറിച്ചു.
ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്‍റെ വിവാദ കരാറിനെതിരെ സ്റ്റാൻഫോർഡ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ നൂറിലധികം വിദ്യാർത്ഥികൾ ബിരുദാന ചടങ്ങ് ബഹിഷ്‌കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോവുകയായിരുന്നു. 2026ലെ ബിരുദദാന ചടങ്ങിലെ മുഖ്യപ്രഭാഷണത്തിനായി സുന്ദർ പിച്ചൈ സ്റ്റേജിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, സ്റ്റേഡിയത്തിലെ തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ നൂറിലധികം വിദ്യാർത്ഥികൾ "ഫ്രീ, ഫ്രീ പലസ്തീൻ" എന്ന മുദ്രാവാക്യം വിളികളോടെ പുറത്തേക്ക് പോയി.
ഇസ്രായേൽ സർക്കാരും ആമസോണും ഗൂഗിളും തമ്മിലുള്ള 1.2 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയായ 'പ്രോജക്റ്റ് നിംബസിനെതിരെയുള്ള' പ്രതിഷേധത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾ ചടങ്ങ് ബഹിഷ്കരിച്ചത്. ഗാസയിലെ നിലവിലെ സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ സൈനിക-ഭരണകൂട നടപടികൾക്ക് ഈ പ്രോജക്റ്റ് സഹായകരമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി 'സ്റ്റാൻഫോർഡ് സ്റ്റുഡന്‍റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ' ആഴ്ചകൾക്ക് മുൻപ് തന്നെ ഈ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam