
തിരുവനന്തപുരം: തലസ്ഥാനത്ത് സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള വികസനരേഖ പുറത്തിറക്കി എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തീരദേശ പ്രദേശങ്ങള്‍ക്ക് ഊന്നൽ നൽകിയുള്ള പ്രകടന പത്രികയിൽ, കപ്പൽശാലയും ക്രൂസ് ടെർമിനലുമടക്കമാണ് വാഗ്ദാനങ്ങൾ.
മണ്ഡലത്തിലെ ദീർഘകാല പ്രശ്നങ്ങൾക്കുള്ള പരിഹാരം മുതൽ വൻകിട വികസന പദ്ധതികൾ വരെ ഉൾപ്പെടുത്തിയാണ് വികസന രേഖ. തീരമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. വലിയതുറയിൽ ഹാർബർ, പൂവ്വാറിൽ കപ്പൽ ശാല, വിഴിഞ്ഞത്ത് ക്രൂസ് ടെർമിനൽ, മാരിടൈം ആന്‍റ് ഫിഷറീസ് സ്കില്ലിങ് സെന്‍റര്‍, മറൈൻ സെസ് ഇതൊക്കെയാണ് തീരമേഖലയ്ക്കുള്ള ഉറപ്പ്.
വിഎസ്‍സിസിൽ സെമികണ്ടക്ടർ റിസേർച്ച് സെന്‍ററും കാരോട് ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ യൂണിറ്റും വികസന രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ പരമ്പരാഗത മേഖലയ്ക്കും പരിഗണനയുണ്ട്. ബാലരാമപുരത്ത് കൈത്തറിക്കായി ഡിജിറ്റൽ മാർക്കറ്റിങ് ആന്‍റ് ഡിസൈനിങ് കേന്ദ്രമാണ് വാഗ്ദാനം.
ഇനി കാര്യം നടക്കും, ഇതാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മുദ്രാവാക്യം. എന്ത് കാര്യമാണ് നടത്തേണ്ടത് എന്ന് പൊതുജനത്തോട് തന്നെ ചോദിച്ച്, പൊതുജനം നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വികസനരേഖ തയ്യാറാക്കിയത് എന്ന് രാജീവ് ചന്ദ്രശേഖർ. വലിയതുറയിൽ നടന്ന പൊതുസമ്മേളനത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവലാണ് രാജീവ് ചന്ദ്രശേഖറിന്‍റെ വികസനരേഖ പ്രകാശനം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-