
തിരുവനന്തപുരം: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടേത് നാടകമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വർഷത്തിൽ ആറു തവണയെങ്കിലും വിദേശത്തു ടൂർ പോകുന്ന രാഹുലിന് ഇവിടുത്തെ ഇലക്ഷൻ സംവിധാനത്തെ കുറിച്ച് അറിയില്ല. രാഹുൽ ഗാന്ധിയുടെ ലീഡർഷിപ്പിൽ അണികൾക്ക് അതൃപ്തി ഉണ്ട്. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ നാടകമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയോടും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ പിതാവിനോട് താൻ സംസാരിക്കാം. സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ കേന്ദ്രമന്ത്രിക്ക് അവരുടേതായ മറ്റുപല തിരക്കുകളും ഇല്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ് ആണ് രംഗത്തെത്തിയത്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകി. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എംപിയെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കുശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുൽ പരാതിയിൽ ഉന്നയിക്കുന്നു. ഇതിനാൽ കേന്ദ്രസഹമന്ത്രിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ടാണ് പരാതി.