അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

By Web TeamFirst Published May 28, 2019, 9:24 PM IST
Highlights

സിപിഎമ്മില്‍ നിന്ന് പുറത്തായ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത് അക്ഷന്തവ്യമായ അപരാധമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ തന്നെ പുറത്താക്കണമെന്നും നടപടിയെടുക്കാന്‍ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. 

അബ്ദുള്ളക്കുട്ടിക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയപ്പോള്‍ ലഭിച്ച ഇടത്താവളമായിരുന്നു കോണ്‍ഗ്രസ്. സിപിഎമ്മില്‍ നിന്ന് പുറത്തായ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത് അക്ഷന്തവ്യമായ അപരാധമാണ്. വര്‍ഷങ്ങളോളെ അഹോരാത്രം കഷ്ടപ്പെട്ട കുറേ പേര്‍ പാര്‍ട്ടിയില്‍ അവസരം കിട്ടാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ പെട്ടന്ന് വന്ന് എല്ലാ അനുകൂല്യങ്ങളും അനുഭവിക്കുന്നത് ശരിയല്ല. അബ്ദുള്ളക്കുട്ടിയുടെ ശരീരം കോണ്‍ഗ്രസിലും മനസ്സ് ആര്‍എസ്എസിലുമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 

അതേസമയം താന്‍ പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി ന്യൂസ് അവറില്‍ ആവര്‍ത്തിച്ചു.  തെരഞ്ഞെടുപ്പ് കഴി‌ഞ്ഞാല്‍ വികസനത്തിന് ഒപ്പം നില്‍ക്കണം. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉള്ളുതുറന്ന് ചര്‍ച്ച ചെയ്യണം. വിധ്വേഷത്തിന്‍റെ രാഷ്ട്രീയം ഒഴിവാക്കണം. കെപിസിസി വിശദീകരണം തേടിയാല്‍ വ്യക്തമായ മറുപടി നല്‍കുമെന്നും അബ്ദുള്ള കുട്ടി വ്യക്തമാക്കി. 

click me!