
കാസർകോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതെന്നും രാഹുൽ വടി കൊടുത്ത് അടി വാങ്ങിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു. പി ആർ ഏജൻസിയെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ രാഹുൽ ആക്രമിച്ചു. പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം വരാൻ പാടില്ല. കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലു വിളിച്ചെന്നും കൂട്ടിച്ചേർത്തു.
ഇരയെ പുറത്ത് എത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്വയം അതില്ലാതാക്കി. ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മാറി. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെതിരെയും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനമുന്നയിച്ചു. കെ സുധാകരൻ വാക്ക് മാറ്റി പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തിനെ മാറ്റിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺഗ്രസ് ആയി കാണാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam