
തിരുവനന്തപുരം: തരൂര്‍ വിഷയത്തില്‍ പരാതിയുമായി എ കെ രാഘവന് എം പി മുന്നോട്ട് പോകരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‍മോഹന്‍ ഉണ്ണിത്താന്‍. എ കെ രാഘവന്‍ പരാതിക്കാരനാവുന്നത് ശരിയല്ല. കേരളത്തില്‍ 14 ജില്ലകളിലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുണ്ട്. ശശി തരൂരിന് പരിപാടിയില്‍ പങ്കെടുക്കണമെന്ന് താല്‍പ്പര്യമുണ്ടെങ്കില്‍ അവരെ അറിയിച്ചാല്‍ അവര്‍ സ്വീകരിക്കുമെന്നും രാജ്‍മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എംപി ഇന്ന് വ്യക്തമാക്കിയിരുന്നു.
സംഭവം അതീവ ഗൗരവകരം എന്നും ഇക്കാര്യo അന്വേഷിക്കാൻ കെ പി സി സി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന് എം പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരുമെന്നും രാഘവന്‍ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നു എന്നാണ് തരൂർ പറഞ്ഞത്. നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിലായിരുന്നു നെഹ്റു ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്. ഇന്ന് രാവിലെ എം ടി വാസുദേവൻ നായരെ സന്ദർശിച്ചാണ് ശശി തരൂർ തന്‍റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾക്ക് തുടക്കമിട്ടത്. നാല് ദിവസങ്ങളിലായി 20 ലേറെ പരിപാടികളിലാണ് തരൂർ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച പാണക്കാട്ടെത്തി മുസ്ലീം ലീഗ് നേതാക്കളുമായും തരൂർ ചർച്ച നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam