
എറണാകുളം: വീട് വെക്കാൻ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്ക് കൈത്താങ്ങായി മാറുകയാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ രാജു. ഒൻപത് വർഷത്തിൽ 43 വീടുകളാണ് സൗജന്യമായി രാജു കെട്ടികൊടുത്തത്. ആഴ്ചയിൽ മൂന്ന് ദിവസം തന്‍റെ അധ്വാനം രാജു സമർപ്പിക്കുന്നത് വീടില്ലാത്തവർക്ക് വേണ്ടിയാണ്.
ലൈഫിൽ കിട്ടിയ വീടാണ്. 410 സ്ക്വയർ ഫീറ്റിൽ പണി തീർക്കണം. സർക്കാർ നൽകുന്ന നാല് ലക്ഷത്തിന് വീട് പൂർത്തിയാക്കാൻ പാടുപെടുമ്പോൾ കൂലിപ്പണിക്കാരനായ ദാസന് സഹായവുമായി രാജു എത്തി. നാൽപതിനായിരം രൂപയുടെ ലേബർ ചെലവ് രാജുവിന്‍റെ ഈ സൗജന്യ അധ്വാനത്തിൽ ദാസന് വലിയ ആശ്വാസമാണ്. ഈ വീടിന്‍റെ മേൽക്കൂര നിരപ്പ് വരെ കെട്ടി ഉയർത്തും വരെ രാജു കൂടെയുണ്ടാകും.
അങ്ങനെയൊന്നും രാജു ഒരു വീട് ഏറ്റെടുക്കില്ല. സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന പഞ്ചായത്ത് മെമ്പറുടെ കത്ത് വേണം. എറണാകുളം മാത്രമല്ല ആലപ്പുഴയും തൃശൂരിലും എല്ലാം സ്വന്തം ചെലവിൽ എത്തി രാജു സൗജന്യമായി വീട് കെട്ടികൊടുത്തിട്ടുണ്ട്. രാജു ഇതുവരെ ചെയ്ത സൗജന്യ അധ്വാനത്തിന്‍റെ മൂല്യം പണമായി കണക്കുകൂട്ടിയാൽ തന്നെ എട്ട് ലക്ഷം രൂപയിലും ഏറെ വരും. മനസിന്‍റെ സംതൃപ്തിയാണ് രാജുവിന്‍റെ സമ്പാദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam