
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യാൻ വിളിച്ച ഇടതുമുന്നണി യോഗത്തിൽ ആര്‍ജെഡി സീറ്റ് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം അറിയിച്ചു. മുന്നണി യോഗത്തിൽ ആര്‍ജെഡിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വർഗീസ്' ജോർജാണ് മുന്നണി നേതൃത്വത്തിൻ്റെ നിലപാടിനെ വിമര്‍ശിച്ചു. രാജ്യസഭാ സീറ്റ് എപ്പോഴും സിപിഐക്ക് നൽകുന്നതിലായിരുന്നു പ്രതിഷേധം. എംവി ശ്രേയാംസ് കുമാറിന്റെ കാലാവധി കഴിഞ്ഞപ്പോഴും സീറ്റ് നൽകിയത് സിപിഐക്കാണെന്ന് വര്‍ഗീസ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. രാജ്യസഭയിലേക്ക് എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍ജെഡിയെ പിന്തുണച്ചും അനുനയിപ്പിച്ചും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. ആര്‍ജെഡിയുടെ വാദം ശരിയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. പിന്നീട് രാജ്യസഭാ സീറ്റിലേക്ക് ഇനി സംസ്ഥാനത്തെ മുന്നണിയിൽ റൊട്ടേഷൻ വ്യവസ്ഥ കൊണ്ടുവരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇത് മുന്നണി യോഗം യോഗം അംഗീകരിച്ചു. രണ്ട് സീറ്റ് ഒഴിവു വരുമ്പോൾ ഒഴിവുവരുന്ന രണ്ടാമത്തെ സീറ്റ് മുന്നണിയിലെ കക്ഷികൾക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ നൽകാമെന്നാണ് നിലപാട് അറിയിച്ചത്. ഇത്തരത്തിൽ രാജ്യസഭാ സീറ്റിൻ്റെ മാനദണ്ഡം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാനും യോഗം ധാരണയിലെത്തി.
ഇത്തവണ മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഐയിൽ നിന്ന് പിപി സുനീറും കേരള കോൺഗ്രസ് എമ്മിൽ നിന്ന് ജോസ് കെ മാണിയുമാണ് രാജ്യസഭയിലേക്ക് പോവുക. അവശേഷിക്കുന്ന മൂന്നാമത്തെ സീറ്റിൽ യുഡിഎഫിൽ നിന്ന് ലീഗ് പ്രതിനിധി അഡ്വ ഹാരിസ് ബീരാനാണ് മത്സരിക്കുക. എൽഡിഎഫിൽ ഒഴിവുവരുന്ന സീറ്റുകളിൽ ഒന്ന് സിപിഎമ്മിന്റേതാണ്. അതാണ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയത്. ഇതോടെ മുന്നണിയിലെ രാജ്യസഭാ സീറ്റ് തര്‍ക്കം താത്കാലികമായി പരിഹരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam