അവരെന്തിന് രാമനാട്ടുകരയിലെത്തി? 5 യുവാക്കൾ മരിച്ച അപകടത്തിൽ സംശയങ്ങളേറെ

By Web TeamFirst Published Jun 21, 2021, 11:38 AM IST
Highlights

മരിച്ച അഞ്ച് പേരും പാലക്കാട് സ്വദേശികളാണ്. കരിപ്പൂരിൽ നിന്ന് മടങ്ങവെയാണ് അപകടമുണ്ടായിരിക്കുന്നത്. കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. എന്തിനാണ് കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം അവർ രാമനാട്ടുകരയിലെത്തിയത്?

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് - മലപ്പുറം അതിർത്തിയായ രാമനാട്ടുകരയിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച അഞ്ച് പേരും പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ്. ഇവർ കരിപ്പൂരിൽ നിന്ന് മടങ്ങവെയാണ് അപകടമുണ്ടായിരിക്കുന്നത്. കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. എന്തിനാണ് കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം അവർ രാമനാട്ടുകരയിലെത്തിയത് എന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. കരിപ്പൂരിൽ ആരെയോ കൊണ്ടുവിട്ട ശേഷം ഇവർ മടങ്ങി വരികയായിരുന്നുവെന്നാണ് വിവരം.  പാലക്കാട്ടേക്ക് പോകാൻ കോഴിക്കോടിന്‍റെ ഭാഗത്തേക്കുള്ള രാമനാട്ടുകരയിലേക്ക് വരേണ്ട കാര്യമില്ല. 

സംഭവത്തിൽ അപകടസ്ഥലത്തുണ്ടായിരുന്ന ഇന്നോവ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഈ വാഹനത്തിലുണ്ടായിരുന്ന ആറ് പേരെയാണ് ചോദ്യം ചെയ്യുന്നത്. 

ഇന്ന് പുലർച്ചെ 4.45-നാണ് അപകടമുണ്ടായത്. ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ഷഹീർ (26), നാസർ (28) മുളിയങ്കാവ്, താഹിർ ഷാ (23), അസൈനാർ, സുബൈർ എന്നിവരാണ് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാമനാട്ടുകരയ്ക്കടുത്തുള്ള പുളിയഞ്ചോട് വച്ചുണ്ടായ അപകടത്തിൽ കാർ പൂർണമായും തകർന്നു. അ‍ഞ്ച് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

മലപ്പുറം പാണ്ടിക്കാട് നിന്ന് സിമന്‍റ് കയറ്റി, കോഴിക്കോട് നാദാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കാറിൽ വന്നിടിച്ചത്. എന്നാൽ ആദ്യമണിക്കൂറുകളിൽ ഇത് സാധാരണ അപകടമാണെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, മരിച്ചവരുടെ പശ്ചാത്തലം അന്വേഷിച്ചപ്പോൾ എന്തിനാണ് ഇവരിവിടെ എത്തിയതെന്നതിന് പൊലീസിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. അതുകൊണ്ട് തന്നെയാണ് വിശദമായി മരിച്ചവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചതും. 

അപകടം നടന്ന സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഒരു ഇന്നോവ കാറിലെ ആറ് പേരെയാണ് ഇപ്പോൾ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നത്. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കി. കരിപ്പൂരിൽ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് ഈ കാറിലുള്ളവർ പറയുന്നതെങ്കിലും പലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ട്. മരിച്ച യുവാക്കളിൽ ചിലർക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്ന് മാത്രമാണ് പൊലീസ് പ്രാഥമികമായി വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ അപകടത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്വട്ടേഷൻ ബന്ധമോ, അട്ടിമറിയോ ഉണ്ടോ എന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്. 

മരിച്ച താഹിറിനും നാസറിനും ക്രിമിനൽ പശ്ചാത്തലമെന്ന് പൊലീസ്

മരിച്ചവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് ചെർപ്പുളശ്ശേരി പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട താഹിർ വാഹനം തട്ടിക്കൊണ്ടുപോകൽ,  ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിനെതിരെയും ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ കേസുണ്ട്.

ചരൽ ഫൈസൽ എന്നയാൾക്ക് എസ്കോർട്ട് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത് എന്ന സൂചനയാണ്  വരുന്നത്. ഫൈസലിനെതിരെയും നിരവധി പരാതികൾ ചെർപ്പുളശ്ശേരിയിൽ ഉണ്ട്. താഹിറും നാസറും ഉൾപ്പെടെയുള്ളവർ സെക്കൻഡ് ഹാൻഡ് വാഹന കച്ചവടവും റെൻ്റ്  എ കാർ ബിസിനസ്സും നടത്തുന്നവരാണ്. 

അതേസമയം, വാഹനം അമിതവേഗതയിലാണ് വന്നതെന്ന് ഇടിച്ച ലോറിയുടെ ഡ്രൈവറും വ്യക്തമാക്കുന്നുണ്ട്. കൊടുംവളവിൽ അമിതവേഗതയിൽ വന്നിടിച്ച ബൊലേറോ കാർ പൂർണമായും തകരുകയും കാറിലുണ്ടായിരുന്ന അഞ്ച് പേരും തൽക്ഷണം മരിക്കുകയും ചെയ്തു. 

അപകടത്തിൽപ്പെട്ട അഞ്ച് പേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. 

click me!