'കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസ്'; പിടിയിലായത് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്

By Web TeamFirst Published Jul 13, 2020, 10:14 AM IST
Highlights

കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം സ്വദേശി റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.  സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലർത്തിയിരുന്ന റമീസിനെ സരിത്തിന്‍റെ മൊഴിയനുസരിച്ചാണ് ഇന്നലെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്. 

സ്വര്‍ണ്ണക്കടത്ത് കേസില്‍ റമീസുമായി മറ്റ് നാലുപേര്‍ക്കെങ്കിലും ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇവരിലേക്കും അന്വേഷണം നീളും. നേരത്തെ ഒരു സ്വർണ്ണക്കടത്ത് കേസിലും മാൻ വേട്ടക്കേസിലും പ്രതിയാണ് റമീസ്. 2014ൽവാളയാറിലാണ് ഇയാൾ രണ്ട് മാനുകളെ മറ്റ് നാല് പേർക്കൊപ്പം വെടിവെച്ച് കൊന്നത്. ലൈസൻസുള്ള തോക്കുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. അന്തരിച്ച മന്ത്രി ചാക്കീരി അഹമ്മദ് കൂട്ടിയുടെ കുടുംബത്തിലെ ഇളയ തലമുറക്കാരനാണ് റമീസ്. 

റിയൽ എസ്റ്റേറ്റ് ഇടപാടുകരനായിരുന്ന ഇയാളുടെ കാര്യങ്ങൾ ദുരൂഹമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. അപരിചതരായ പലരും ഇയാളെത്തേടി രാത്രികാലത്തും മാറ്റും വീട്ടിലെത്തിയിരുന്നു. പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അതേച്ചൊല്ലി പരസ്യമായ തർക്കങ്ങൾ നടന്നപ്പോൾ പരിസരവാസികൾ ഇടപെട്ട് താക്കിത് നൽകിയിരുന്നു. 
 

click me!