കടം വാങ്ങിയ പണത്തിന് പകരം റമീസ് തന്നത് സ്വർണം, കള്ളക്കടത്ത് അറിഞ്ഞില്ലെന്നും സംജു

By Web TeamFirst Published Jul 22, 2020, 3:03 PM IST
Highlights

മുഹമ്മദ്‌ ഷാഫിക്ക് 50 ലക്ഷം രൂപ കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ഹംജത്  അലിയുടെ അഭിഭാഷകനും കോടതിയിൽ വാദിച്ചു. സ്വർണം വാങ്ങുകയോ ഗൂഢാലോചനയിൽ പങ്കാളിയാവുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിന്റെ ഗൂഢാലോചനയിലും കള്ളക്കടത്തിലും തനിക്ക് പങ്കില്ലെന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്ത സംജു. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റമീസിന് നേരത്തെ പണം കടം കൊടുത്തിരുന്നുവെന്നും അത് തിരികെ ചോദിച്ചപ്പോൾ തന്നത് സ്വർണമായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

"വിദേശത്തു നിന്നും വന്നതാണെന്ന് അറിയാതെയാണ് സ്വർണം വാങ്ങിയത്. സ്വർണത്തിൽ വിദേശ മുദ്രയൊന്നും ഉണ്ടായിരുന്നില്ല. ഗൂഢാലോചനയിലോ,  കള്ളക്കടത്തിലോ പങ്കില്ല. കേസിൽ അറസ്റ്റിലായ എല്ലാവരുടെയും റിമാൻഡ് റിപ്പോർട്ട്‌ ഒരുപോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. മുൻപ് റമീസിന് പണം കടം കൊടുത്തിരുന്നു. അത് തിരികെ ചോദിച്ചപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കുറച്ച് സ്വർണം തരാമെന്നും പറഞ്ഞു. സ്വർണ്ണം വിറ്റ് പണം എടുക്കാനാണ് പറഞ്ഞത് എന്നുമായിരുന്നു സംജുവിന്റെ വാദം.

മുഹമ്മദ്‌ ഷാഫിക്ക് 50 ലക്ഷം രൂപ കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ഹംജത്  അലിയുടെ അഭിഭാഷകനും കോടതിയിൽ വാദിച്ചു. സ്വർണം വാങ്ങുകയോ ഗൂഢാലോചനയിൽ പങ്കാളിയാവുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹംജത് അലി, സംജു, മുഹമ്മദ്‌ അൻവർ, ജിപ്സൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി. ഓഗസ്റ്റ് അഞ്ചാം തീയതി വരെ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഈ അപേക്ഷ ഇവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ലഭിച്ച ശേഷം പരിഗണിക്കും. മുഹമ്മദ്‌ ഷാഫിയുടെ ഫലമാണ് ലഭിക്കാനുള്ളത്.

click me!