
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചന യോഗത്തിന് ശേഷമായിരിക്കും കോണ്‍ഗ്രസ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുകയെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകും എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാല്‍, ഇപ്പോൾ അനുശോചന പരിപാടികൾക്കാണ് പാർട്ടി മുൻതൂക്കം നൽകുന്നതെന്ന് ചെന്നിത്തല പ്രതികരിച്ചു. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻ ചാണ്ടിയാണ് മരിച്ച ശേഷമെന്നും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പാർട്ടിക്ക് കരുത്തായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1970 ൽ കോൺഗ്രസിന്‍റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മൻചാണ്ടിയും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു തെരഞ്ഞെടപ്പേ ഉണ്ടായിട്ടുള്ളു. ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം ഇനിയാരെന്നാണ് ചോദ്യം. സമീപകാല ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാൽ കോൺഗ്രസിന്‍റെ പ്രഥമ പരിഗണന കുടുംബാംഗങ്ങൾക്ക് തന്നെയാണ്. സാധ്യതാ ചര്‍ച്ചകളിൽ മുന്നിൽ മകൻ ചാണ്ടി ഉമ്മനാണ്. രാഷ്ട്രീയ പരിചയം ചാണ്ടിക്കാണെങ്കിലും ജന സ്വീകര്യതയിൽ മകൾ അച്ചു ഉമ്മൻ പിന്നിലല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. വിലാപയാത്രയിലുടനീളം ഉമ്മൻചാണ്ടിക്ക് കിട്ടിയ ജനസ്വീകാര്യത പുതുപ്പള്ളിക്ക് പുറത്തും പാര്‍ട്ടിക്കരുത്താക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്ത് നിന്നൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സാധ്യത തീരെയില്ല. അതേസമയം, ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ലെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും നിർവ്വഹിക്കുമെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് വൈകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം. അടുത്ത മാസം ആദ്യം നടക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കാനാണ് പാര്‍ട്ടി ധാരണ. സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ തുടങ്ങുന്നത് ജെയ്ക്ക് സി തോമസിലാണ്. കഴിഞ്ഞ രണ്ട് തവണയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 2016 ലെ 27092 വോട്ടില്‍ നിന്ന് 8990 ലേക്ക് കുറയ്ക്കാന്‍ സാധിച്ചിരുന്നു. 1970 ലെ ആദ്യ തെരഞ്ഞെടുപ്പിൽ മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ഇതിൽ കുറവ് ഭൂരിപക്ഷം കിട്ടിയത്. സഹതാപ തരംഗമെന്ന യാഥാര്‍ത്ഥ്യത്തിനിടക്കും പ്രതീക്ഷ നൽകുന്ന കണക്കുകളെന്ന് കണക്ക് കൂട്ടിയാണ് സിപിഎം പുതുപ്പള്ളിയിലേക്ക് നീങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Oommen Chandy | Asianet News Live