
കാസർകോട്: ദുർബലമായ എൽഡിഎഫ് ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാൻ ശ്രമിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവ കേരള സദസിന്റെ ബഹിഷ്കരണം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പറഞ്ഞ ചെന്നിത്തല, ലീഗ് എംഎൽഎയെ നവ കേരള സദസിൽ നിന്ന് വിലക്കിയത് കോൺഗ്രസാണെന്ന പിണറായിയുടെ ആരോപണത്തിനും മറുപടി പറഞ്ഞു.
പിണറായി വിജയന്‍ ഒരാളുടെ കയ്യിൽ നിന്ന് പോലും പരാതി വാങ്ങിയില്ലെന്നും നവകേരള സദസില്‍ ആർക്കും ഒരു രൂപയുടെ പോലും സഹായം കിട്ടുന്നില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാമ്പത്തികമായി കേരളം ഇതുപോലെ തകർന്നിട്ടില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, അഴിമതിയും കൊള്ളയും ധൂർത്തും നടത്തുന്നതാണോ നവകേരളമെന്നും ചോദിച്ചു. സർക്കാരിന്റെ മെഷിനറി ദുരുപയോഗം ചെയ്താണ് നവകേരള സദസിന് ആളുകളെ എത്തിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
യുഡിഎഫിന് നേതൃത്വം നൽകുന്നതും നിയന്ത്രിക്കുന്നതും കോൺഗ്രസാണ്. നവകേരള സദസ് ബഹിഷ്കരിക്കുന്നത് യുഡിഎഫിന്റ കൂട്ടായ തീരുമാനമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പിണറായി ലീഗ് എംഎൽയുടെ പേര് പറഞ്ഞത് തന്ത്രമാണ്. എൽഡിഎഫിന് ഇനി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല. അത് കൊണ്ടാണ് ലീഗിന്റെ പുറകെ പോകുന്നത്. ലീഗ് ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പമാണെന്ന് പറഞ്ഞ ചെന്നിത്തല, മുഖ്യമന്ത്രി അവകാശപ്പെട്ടത് പോലെ ഒരു യുഡിഎഫ് പ്രവർത്തകനും നവകേരള സദസിന് എത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam