ആഴക്കടൽ മത്സ്യബന്ധന വിവാദം: 'സർക്കാർ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാൻ'? ചെന്നിത്തല

By Web TeamFirst Published Feb 26, 2021, 11:42 AM IST
Highlights

കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കം പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതോടെ ഇച്ഛാഭംഗം വന്ന മുഖ്യമന്ത്രി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറയുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കം പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതോടെ ഇച്ഛാഭംഗം വന്ന മുഖ്യമന്ത്രി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറയുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. 

'കൊള്ള നടത്താനുള്ള ശ്രമം പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നത് വലിയ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മത്സ്യനയത്തിന് വിരുദ്ധമായ ധാരണാ പത്രത്തിലാണ് ഒപ്പ് വെച്ചത്. നടപടികളുമായി മുന്നോട്ട് പോയി. ഇതിന്റ ഭാഗമായാണ് ഷിപ്പിംഗ് ആൻഡ് നാവിഗേഷനുമായി കരാർ ഒപ്പ് വെച്ചതും നാല് ഏക്കർ സ്ഥലം അനുവദിച്ചതും. ഇത് വ്യക്തമായതാണ്. എന്നിട്ടും സർക്കാർ നടപടിയിൽ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്'. ഇഎംസിസി കരാർ സർക്കാർ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ കീഴിൽ നടക്കുന്ന കാര്യങ്ങൾ അദ്ദേഹം അറിഞ്ഞില്ലെങ്കിൽ പിന്നീട് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല. ഒരു ഉദ്യോഗസ്ഥന് ഇത്ര വലിയ കരാർ ഒപ്പുവയ്ക്കാൻ കഴിയില്ല. തുടർച്ചയായി വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കള്ളം പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

കേരളത്തിന്റെ സൈനികരാണ് മത്സ്യതൊഴിലാളികൾ. മത്സ്യതൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന്റെ 5 % സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് നിലനിൽക്കുന്നു. സർക്കാരിനോട് ജനങ്ങൾ മാപ്പു നൽകില്ല. താൻ പറഞ്ഞ ഏത് കാര്യങ്ങളാണ് തെറ്റെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ട് മത്സ്യതൊഴിലാളി ജാഥകൾ യുഡിഎഫ് നയിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. 

click me!