
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് യുഡിഎഫിൻ്റെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്യുമ്പോഴും അഴിമതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് ഉന്നയിച്ചതെല്ലാം ശരിയായ കാര്യങ്ങളാണ്. ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. ഇടത് മുന്നണിയുടെ പൊതു നയത്തിന് എതിരായാണ് കരാര്‍ നടപടികളെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപത്തെ ഇടത് മുന്നണി നേതൃത്വമോ സിപിഎം ദേശീയ സംസ്ഥാന നേതൃത്വങ്ങളോ തള്ളിയിട്ടില്ലെന്ന് ഓര്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്ത് ചോദിച്ചാലും കൊവിഡ് ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. സിപിഎം വിഭാഗീയത ഉയർത്തി രക്തസാക്ഷി പരിവേഷം നേടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ലാവ്‍ലിൻ ബാധയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ഇതാദ്യമല്ല. അതിനെ ഗൂഢാലോചന സിദ്ധാന്തം ഉയർത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? . ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ഉൾപാർട്ടി പ്രശ്നം ഉയർത്തുന്നത് നാണംകെട്ട പ്രവർത്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അന്വേഷണത്തിന് രണ്ടംഗ കമ്മിറ്റിയെ വച്ചത് തന്നെ കരാറിൽ തെറ്റ് പറ്റിയെന്ന കുറ്റസമ്മതം ആണ്. എംഎൻ സ്മാരകത്തിൽ പോയി ഐടി സെക്രട്ടറി സ്പ്രിംക്ലര്‍ കരാര്‍ വിശദീകരിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണം . ഐഎഎസുകാരനെ പാർട്ടി ഓഫീസിലേക്ക് വിട്ട് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam