'സ്പീക്കർക്കെതിരെ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ', മൊഴിയിൽ തുടർ നടപടിയില്ലാത്തതെന്ത്? ചെന്നിത്തല

By Web TeamFirst Published Mar 28, 2021, 12:56 PM IST
Highlights

സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് അന്വേഷണമോ തുടർ നടപടികളോ ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. 

പത്തനംതിട്ട: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത് വന്നതിന് പിന്നാലെ സ്പീക്കർക്കും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും നിജസ്ഥിതി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

വ്യക്തമായ മൊഴി ഉണ്ടായിട്ടും കേന്ദ്ര ഏജൻസികൾ തുടർ നടപടി സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ കള്ളനും പൊലീസും കളി നടക്കുകയാണ്.  ഇഡിക്ക് എതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണമെല്ലാം ഇതിന്റെ ഭാഗമാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് അന്വേഷണമോ തുടർ നടപടികളോ ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. 

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ മൊഴി. എൻഫോഴ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാംഘട്ട റിപ്പോർട്ടിലാണ് ഗുരുതര ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ സിഎം രവീന്ദ്രനും, ദിനേശൻ പുത്തലത്തും അടങ്ങുന്ന ഒരു സംഘം ഉണ്ടായിരുന്നെന്നും സർക്കാർ പദ്ധതികൾ ടെണ്ടറില്ലാതെ ഊരാളുങ്കലിന് നൽകിയതിലൂടെ ബിനാമി പേരുകളിൽ ഇവർ കൈക്കൂലി  നേടിയെന്നും സ്വപ്ന വെളിപ്പെടുത്തി

കഴിഞ്ഞ ഡിസംബർ 16ന് അട്ടക്കുളങ്ങര ജയിൽ വെച്ച് ഇഡി നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ ഗുരുത വെളിപ്പെടുത്തൽ സ്വപ്ന സുരേഷ് നടത്തുന്നത്. പേട്ടയ്ക്ക്ടുത്ത് മരുതം ഫ്ലാറ്റിലേക്ക് സ്പീക്കർ തന്നെ നിരവധി വട്ടം വിളിച്ചിരുന്നു. മറ്റൊരാളുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റെങ്കിലും ഇതിന്‍റെ യഥാർത്ഥ ഉടമ താനാണെന്നും തന്‍റെ ഒളിസങ്കേതമാണ് ഇതെന്നും സ്പീക്കർ പറഞ്ഞതായ സ്വപ്ന നൽകിയ മൊഴിയിലുണ്ട്. ഫ്ലാറ്റിലേക്ക്  തനിച്ച് താൻ പോകാൻ വിസമ്മതിച്ചിരുന്നു. ഇതിന്‍റഎ പേരിൽ സ്പീക്കറും ശിവശങ്കറുമടങ്ങുന്ന സംഘം ഷാർജിയിൽ ആരംഭിക്കാനിരുന്ന ഒമാൻ മിഡിഈസ്റ്റ് കോളേജിന്‍റെ ഷാർജയിലെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന വെളിപ്പെടുത്തിയതായി ഇഡി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

 

 

click me!