'പ്രിവിലേജ് കമ്മറ്റി നേരത്തെ ആക്കിയത് ലൈഫ് മിഷന്‍ അന്വേഷണം അട്ടിമറിക്കാന്‍'; സ്പീക്കര്‍ക്കെതിരെ ചെന്നിത്തല

By Web TeamFirst Published Nov 6, 2020, 10:30 AM IST
Highlights

കേരളത്തിൽ വ്യാപകമായി അനധികൃത നിയമനം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ്. കേരളത്തിലെ മുഴുവൻ സിപിഎമ്മുകാർക്കും ജോലി കൊടുക്കാനാണ് നീക്കമെന്ന് ചെന്നിത്തല ആരോപിച്ചു.

കോഴിക്കോട്: ലൈഫ് മിഷന്‍ അന്വേഷണം അട്ടിമറിക്കാന്‍ നിയമസഭ പ്രിവിലേജ് കമ്മറ്റിയെ സ്പീക്കര്‍ കരുവാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമ സഭയുടെ പ്രിവിലേജ് കമ്മറ്റി നേരത്തെ ആക്കിയത് തെറ്റാണെന്നും സ്പീക്കർ പക്ഷം പിടിക്കുന്നുവെന്നും ചെന്നിത്തല വിമര്‍ശിച്ചു. യോഗം നേരത്തെയാക്കിയത് മനഃപൂര്‍വമാണ്. പ്രതിപക്ഷത്തിൻ്റെ എതിർപ്പ് പോലും കണക്കിലെടുത്തില്ല. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കെ സി ജോസഫ് ഒമ്പത് മാസം മുമ്പ് പരാതി നൽകിയിട്ടും നിയമസഭ പ്രിവിലേജ് കമ്മറ്റി ഇതുവരെ പരിഗണിച്ചില്ല. സ്പീക്കർക്ക് ഇന്ന് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാനത്ത് നടത്തുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിയമാനുസൃതമാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഇഡി കോടതിയിൽ കൊടുത്ത റിപ്പോർട്ട് ഞെട്ടിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ പദ്ധതി വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തി നൽകി എന്നാണ് ഇഡി റിപ്പോർട്ടില്‍ പറയുന്നത്. ബാലവകാശ കമ്മീഷനിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു 

കേരളത്തിൽ വ്യാപകമായി അനധികൃത നിയമനം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിലെ മുഴുവൻ സിപിഎമ്മുകാർക്കും ജോലി കൊടുക്കാനാണ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. ബിനീഷിൻ്റെ വീട്ടിൽ നടന്ന റെയ്ഡിൽ അപാകതയില്ല. മുഖ്യമന്ത്രിക്ക് പോലും ബിനീഷിൻ്റെ കാര്യത്തിൽ വിശ്വാസമില്ല. ബിനീഷിൻ്റെ കാര്യത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണ് ഉള്ളത്. ഒരു ഭാഗത്ത് ബിനീഷ് ഒരു വ്യക്തി മാത്രമെന്ന് പറയുകയും മറു ഭാഗത്ത് സർക്കാർ ഏജൻസികളെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

click me!