ശ്രീറാമിനെ സർവ്വീസിൽ നിന്നും ഉടൻ പുറത്താക്കണം, പൊലീസിന്റേത് ​ഗുരുതര വീഴ്ച; രമേശ് ചെന്നിത്തല

By Web TeamFirst Published Aug 4, 2019, 3:20 PM IST
Highlights

സമൂഹത്തോട് ഉത്തരവാദിത്വമുളള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തത്. ആ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായേ തീരൂവെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചുകൊന്ന കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകട ശേഷം ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധിക്കാതിരുന്നത് പൊലീസിന്റെ ഗുരുതര വീഴ്ചയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സർവ്വീസ് നിയമമനുസരിച്ച് ജാമ്യം ലഭിച്ചില്ലെങ്കിൽ ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണ്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപ്പെടാനുള്ള ശ്രീറാമിന്റെ നീക്കങ്ങള്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണം. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിന്റെ പരുക്ക് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെ ശ്രീറാമിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഉടന്‍ നിയോഗിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെ ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റണം. അപകടത്തിനുശേഷം ശ്രീറാമിനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കാതേയും കൂടെയുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് നടത്തിയ ശ്രമങ്ങളെക്കുറിച്ചും വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യത്തെക്കുറിച്ച് ഉടന്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

സമൂഹത്തോട് ഉത്തരവാദിത്വമുളള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തത്. ആ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായേ തീരൂവെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പേരിന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ആശുപത്രിയില്‍  ജാമ്യം കിട്ടി പുറത്തുചാടാനുള്ള ശ്രീറാമിന്റെ കുത്സിതനീക്കങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് മുന്നറിയിപ്പ് നല്‍കി.

click me!