സ്വ‌ർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; സിഎം രവീന്ദ്രന് സുരക്ഷ ഏർപ്പെടുത്തണമെന്ന് ചെന്നിത്തല

By Web TeamFirst Published Dec 9, 2020, 11:30 AM IST
Highlights

സി എം രവീന്ദ്രന് സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നും, അദ്ദേഹത്തിന്റെ ജീവന് പോലും ഭീഷണിയുണ്ടെന്നും ചെന്നിത്തല ആശങ്കപ്പെടുന്നു.  എയിംസിലെ വിദഗ്ധ സംഘത്തെക്കൊണ്ട് രവീന്ദ്രനെ പരിശോധിപ്പിക്കണമെന്നും  ആവശ്യപ്പെട്ടു. 

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും അട്ടക്കുളങ്ങര ജയിലിൽ വച്ച് സ്വപ്നയ്ക്ക് ഭീഷണിയുണ്ടായിട്ടുണ്ടെങ്കിൽ ഇക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ചെന്നിത്തല പറയുന്നു. കേന്ദ്ര ഏജൻസികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

സിഎം രവീന്ദ്രൻ ഓരോ തവണയും ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു. സി എം രവീന്ദ്രന് സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നും, അദ്ദേഹത്തിന്റെ ജീവന് പോലും ഭീഷണിയുണ്ടെന്ന് പറഞ്ഞ ചെന്നിത്തല എയിംസിലെ വിദഗ്ധ സംഘത്തെക്കൊണ്ട് അദ്ദേഹത്തെ പരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

സ്വപ്നയുടെ മൊഴിയും സി എം രവീന്ദ്രൻ്റെ ഒഴിഞ്ഞുമാറലും കൂട്ടി വായിച്ചാൽ കേസ് അട്ടിമറിക്കാനുള്ള ശ്രമം വ്യക്തമാണെന്നും, അട്ടിമറി നീക്കം കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെ എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

റിവേഴ്സ് ഹവാലയിലെ ഉന്നൻ ആരാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം, ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് അതെനന്നാണ് പരക്കെ സംസാരം , ആരാണയാൾ എന്ന കാര്യത്തിൽ വ്യക്ത വരുത്തണം. ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രിയോ കേന്ദ്ര ഏജൻസിയോ വ്യക്തമാക്കണം. ഞെട്ടിക്കുന്ന വസ്തുതയാണെന്നാണ് കോടതി പറഞ്ഞത്. വിവരമറിഞ്ഞാൽ ജനങ്ങൾ ബോധരഹിതരാകുമെന്നതാണ് സ്ഥിതിയെന്നും ചെന്നിത്തല പറയുന്നു. 

തൻ്റെ മന്ത്രിസഭയിലെ ആളുകളെക്കുറിച്ചടക്കം ആരോപണമുയർന്നിട്ടും മുഖ്യമന്ത്രി എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ചെന്നിത്തല ചോദിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കാലം മുഖ്യമന്ത്രി ജനങ്ങളോട് സംസാരിക്കാൻ തയ്യാറാകാത്തത് ഭയം കൊണ്ടാണെന്നാണ് ചെന്നിത്തലയുടെ വാദം. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

click me!