'സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ഫയലുകൾക്ക് തീയിട്ടു', കടുത്ത ആരോപണവുമായി പ്രതിപക്ഷം

By Web TeamFirst Published Aug 25, 2020, 6:15 PM IST
Highlights

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരം നീക്കണങ്ങള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടുത്തത്തില്‍ കടുത്ത ആരോപണവുമായി പ്രതിപക്ഷം. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ അഴിമതികള്‍ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിച്ച് കളയാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആക്ഷേപമാണ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എന്‍ഐഎ ആവശ്യപ്പെട്ട സിസിടിവി അടക്കമുള്ള തെളിവുകള്‍ നല്‍കാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

തീപിടിത്തം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ആരോപിച്ചു. സംഭവത്തതില്‍ സമഗ്രമായ അന്വേഷണം വേണം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയമാണിതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു. മന്ത്രി ജലീലുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിക്കാനുള്ള ശ്രമമാണ് തീപിടുത്തത്തിന് പിന്നിലെന്നും ഇടിമിന്നലിൽ സിസിടിവിക്ക് കേടുവന്നുവെന്ന് നേരത്തെ പറഞ്ഞതും അട്ടിമറി ശ്രമമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

തീപിടുത്തത്തില്‍ കുറച്ച് ഫയലുകൾ കത്തി നശിച്ചു. അഗ്നിശമന സേന എത്തി തീ അണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.

click me!