
ദില്ലി: സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാട്ടക്കരാർ വ്യവസ്ഥകൾ മുഴുവൻ ടീകോം ലംഘിച്ചെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ 246 ഏക്കർ ഭൂമി അടിയന്തരമായി തിരിച്ചെടുക്കണമെന്നും വെറും പത്ത് മിനിട്ട് കൊണ്ട് ചെയ്യാവുന്ന നടപടിയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് ആളുകൾ ഭൂമിയ്ക്ക് വേണ്ടി കാത്തുനിൽക്കുകയാണെന്നാണ് വ്യവസായ മന്ത്രി പറഞ്ഞതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വ്യവസായ മന്ത്രി ന്യായീകരിക്കുകയല്ല വേണ്ടത്. ടീകോം വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ അടിയന്തരമായി സർക്കാർ ആ ഭൂമി ഏറ്റെടുക്കണം. ടീകോമുമായി സർക്കാർ ഉണ്ടാക്കിയ കരാറിൽ വ്യവസ്ഥകൾ ലംഘിച്ചാൽ ആ കരാർ മുഴുവനായും റദ്ദാക്കാനും അസറ്റുകൾ തിരിച്ചുപിടിക്കാനുമുള്ള അവകാശമുണ്ട്. ഈ രണ്ട് അവകാശങ്ങളും നിലനിൽക്കുമ്പോൾ അത് വിനിയോഗിക്കാതെ ടീകോമിന് നഷ്ടപരിഹാരം കൊടുക്കുക എന്നത് അഴിമതിയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീകോമിന്റെ പ്രതിനിധിയായി പ്രവർത്തിച്ച വ്യക്തിയെ ഇപ്പോൾ അവർക്ക് തന്നെ നഷ്ടപരിഹാരം കൊടുക്കാൻ വേണ്ടി നിയമിച്ചത് വലിയ തെറ്റാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam