'വർഗീയ പ്രത്യയശാസ്ത്രത്തിന്‍റെ വക്താക്കൾ ആ മിടുക്കിയെ ജീവിക്കാൻ അനുവദിച്ചില്ല'; ഫാത്തിമയുടെ മരണത്തില്‍ ചെന്നിത്തല

By Web TeamFirst Published Nov 13, 2019, 11:57 PM IST
Highlights

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ കൊടുക്കാനുള്ള നടപടികൾ തമിഴ്നാട് സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തെഴുതി. ഫേസ്ബുക്ക് കുറിപ്പിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. ഫാത്തിമയുടെ വിശ്വാസവും പശ്ചാത്തലവും മരണത്തിലേക്കുള്ള പാത തുറന്നു കൊടുക്കുമ്പോള്‍ രാഷ്ട്രത്തിന്‍റെ അടിസ്ഥാന ശിലയാണ് തകര്‍ന്നുവീഴുന്നതെന്ന് രമേശ് ചെന്നിത്തല കുറിച്ചു.

രാജ്യത്തെ മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു ഫാത്തിമ. എന്നാൽ നമ്മുടെ നാടിനെ അന്ധകാരത്തിലേക്ക് നയിക്കുന്ന വർഗീയ പ്രത്യയശാസ്ത്രത്തിന്‍റെ വക്താക്കൾ ആ മിടുക്കിയെ ജീവിക്കാൻ അനുവദിച്ചില്ല. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ കൊടുക്കാനുള്ള നടപടികൾ തമിഴ്നാട് സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
 

രമേശ് ചെന്നിത്തലയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

തന്‍റെ വിശ്വാസവും ജീവിത പശ്ചാത്തലവും ഫാത്തിമ ലത്തീഫിന് മരണത്തിലേക്കുള്ള പാത തുറന്നുകൊടുക്കുമ്പോൾ തകർന്നു വീഴുന്നത് ഒരു രാഷ്ട്രത്തിന്‍റെ അടിസ്ഥാന ശിലയാണ്. അല്പനിമിഷം മുൻപാണ് ഞാൻ ഫാത്തിമയുടെ പിതാവ് ലത്തീഫുമായി സംസാരിച്ചത്. ആ പാവം മനുഷ്യന്‍റെ ഹൃദയം നുറുങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമതിയായ പെൺകുട്ടികളിൽ ഒരാളായിരുന്നു ഫാത്തിമ. അതുകൊണ്ടാണ് ചെന്നൈ ഐ ഐ ടി പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയതും അവിടെ പ്രവേശനം ലഭിച്ചതും.

എന്നാൽ നമ്മുടെ നാടിനെ അന്ധകാരത്തിലേക്ക് നയിക്കുന്ന വർഗീയ പ്രത്യയശാസ്ത്രത്തിന്‍റെ വക്താക്കൾ ആ മിടുക്കിയെ ജീവിക്കാൻ അനുവദിച്ചില്ല. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ കൊടുക്കാനുള്ള നടപടികൾ തമിഴ്നാട് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായേ തീരൂ. ഈ ആവശ്യം ഉന്നയിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്ത് നൽകി
#JusticeForFathima
#JusticeForFathimaLatheef

click me!