വെല്ലുവിളി നിറഞ്ഞ കാലത്ത് സതീശന് പൂര്‍ണ്ണ പിന്തുണ; സ്ഥാനം ഒഴിയുന്നതിൽ നിരാശ ഇല്ലെന്ന് ചെന്നിത്തല

By Web TeamFirst Published May 23, 2021, 11:09 AM IST
Highlights

സ്ഥാനം ഒഴിയാൻ തയ്യാറായതാണ്, ഒരുമിച്ച് നിൽക്കാമെന്ന് മറ്റ് നേതാക്കളാണ് പറഞ്ഞത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെയ്യാവുന്നതെല്ലാം ചെയ്താണ് പടിയിറങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു

ആലപ്പുഴ: വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ കോൺഗ്രസിനേയും യുഡിഎഫിനേയും നയിക്കാൻ വിഡി സതീശന്  എല്ലാ പിന്തുണയും നൽകുമെന്ന് രമേശ് ചെന്നിത്തല. വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനത്തിന് ശേഷം ആലപ്പുഴയിൽ നടത്തിയ ആദ്യ പ്രതികരണത്തിലാണ് രമേശ് ചെന്നിത്തല വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ചത്. ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടെയാണ് കോൺഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. തോൽവികളിൽ നിന്ന് കരകയറി തിരിച്ച് വരവിനുള്ള പാതയൊരുക്കാൻ വിഡി സതീശന് പിന്നിൽ എല്ലാവരും ഒരു മനസ്സോടെ അണിനിരക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെയ്യാവുന്നതെല്ലാം ചെയ്താണ് പടിയിറങ്ങുന്നത്. ഒരു നിരാശയും ഇല്ല. സര്‍ക്കാരിനെതിരായ അഴിമതികൾ തുറന്ന് കാണിക്കാൻ കഴിഞ്ഞ അഞ്ച് വര്‍ഷവും കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ധര്‍മ്മം ഉൾക്കൊണ്ടുകൊണ്ടുള്ള പോരാട്ടങ്ങൾ ഇനിയും തുടരും. നവമാധ്യമങ്ങളിൽ വരുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും മുഖവിലക്ക് എടുക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു. 

തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന്  പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിയാൻ തയ്യാറായിരുന്നു. മറ്റ് നേതാക്കളുടെ ആവശ്യപ്രകാരം ആണ് ്ഥാനം ഒഴിയാതിരുന്നത്. ഒരുമിച്ച് നിൽക്കാമെന്ന് അവര്‍ പറ‍ഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. കെപിസിസിയിൽ അടക്കം എന്ത് മാറ്റം വരുത്തണമെന്ന കാര്യം ഇനി തീരുമാനിക്കേണ്ടത് ഹൈക്കമാന്‍റ് ആണ്. ആ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

 

click me!