ഐ ഫോൺ വിവാദത്തിൽ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പൻ; ചെന്നിത്തലക്ക് ആശ്വാസം

By Web TeamFirst Published Oct 5, 2020, 8:52 PM IST
Highlights

ഇന്ന് വിജിലൻസിന് നൽകിയ മൊഴിയിലാണ് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന് പറഞ്ഞത്

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രമേശ് ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന വാദത്തിൽ മലക്കം മറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തത്. അത് അവർ ആർക്ക് നൽകിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. ഇന്ന് വിജിലൻസിന് നൽകിയ മൊഴിയിലാണ് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന് പറഞ്ഞത്.

സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപകീർത്തിക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ നിർദേശപ്രകാരം, യുഎഇ കോൺസുലേറ്റിന്‍റെ പരിപാടിയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ഐഫോൺ വാങ്ങി നൽകിയെന്ന് സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പരാമർശിച്ചിരുന്നു. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നും, അതല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസിൽ പറയുന്നത്. സന്തോഷ് ഈപ്പൻ ഇത്തരത്തിൽ ഹർജിയിൽ എഴുതിയതിന് പിന്നിൽ സിപിഎം ആണെന്നും ചെന്നിത്തല ആരോപിക്കുന്നു. 

ഐഫോൺ ആർക്കാണ് നൽകിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമർശം പിൻവലിച്ച് സന്തോഷ് ഈപ്പൻ മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയിൽ സന്തോഷ് ഈപ്പൻ നൽകിയിരിക്കുന്ന ഹർജി തിരുത്തി പുതിയ സത്യവാങ്മൂലം നൽകണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതിൽ എഴുതണം. മുൻ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്. 

click me!